PONNANI

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ ആക്രമിക്കാനെത്തിയ ഭർത്താവ് അറസ്റ്റിൽ

പൊന്നാനി : വേർപിരിഞ്ഞുകഴിയുന്ന ഭാര്യയെ മാരകായുധവുമായി വീട്ടിൽക്കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനു സമീപത്തെ സ്രാങ്കിന്റെ ഷബീറലി(41)യെയാണ് ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം രാവിലെ ആറോടെ പള്ളപ്രത്ത് യുവതി താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ ഇരുമ്പുപൈപ്പുമായി എത്തിയത്.

അടുക്കളവശത്തെ വാതിലിലൂടെ പുറത്തേക്ക്‌ ഓടിയാണ് യുവതി ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ വീണ് യുവതിക്ക്‌ പരിക്കേൽക്കുകയും ചെയ്തു.
കൂടെ താമസിക്കുന്ന അഞ്ചുവയസ്സുള്ള കുട്ടിയെ എടുത്തുകൊണ്ടുപോകാൻ പ്രതി ശ്രമിച്ചെങ്കിലും നാട്ടുകാരെത്തി തടയുകയായിരുന്നു.

വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ പിടികൊടുക്കാതെ രക്ഷപ്പെട്ടു. സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ബാറിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ലെങ്കിലും ഒന്നരവർഷത്തോളമായി ഇരുവരും വേർപിരിഞ്ഞു കഴിയുകയാണ്. ആക്രമിക്കാനായി മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എ.എസ്.ഐ. പ്രവീൺകുമാർ, എസ്.സി.പി.ഒ.മാരായ മഹേഷ്, സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button