വേവിച്ച പന്നിയിറച്ചിയും മാനിന്റെ ഇറച്ചിയെന്ന പേരില്‍ കുറുനരി മാംസം; തോക്കും കത്തിയും സഹിതം പിടിയില്‍

മലപ്പുറം: കാളികാവില്‍ മാനിറച്ചി എന്ന പേരില്‍ കുറുനരിയുടെ മാംസ വില്‍പന നടത്തിയയാള്‍ പിടിയില്‍. തിരുവാലി സ്വദേശി കൊടിയംകുന്നേല്‍ കെ.ജെ. ബിനോയി (55)യെയാണ് മലപ്പുറം കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ പിടികൂടിയത്. ബിനോയിയുടെ വീട്ടില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ വില്‍പനയ്ക്കായി തയ്യാറാക്കി വെച്ച നാല് കിലോ കുറുനരിയുടെ ഇറച്ചിയും വേവിച്ച പന്നിമാംസവും കണ്ടെടുത്തു. ബിനോയി കാപ കേസ് പ്രതികൂടിയാണ്.വന്യമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക്, മാംസം മുറിക്കാന്‍ ഉപയോഗിച്ച കത്തികള്‍, പന്നിമാംസം തയ്യാറാക്കിയ ചട്ടി, പാത്രങ്ങള്‍ എന്നിവയും വനപാലകര്‍ കണ്ടെടുത്തു. കുറുനരിയെ വീട്ടുപരിസരത്ത് വെച്ച് തന്നെയാണ് പിടിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനിറച്ചിക്ക് ഉയര്‍ന്ന വില കിട്ടുമെന്നതിനാലും ആവശ്യക്കാര്‍ കൂടുതലായതിനാലുമാണ് കുറുനരിയുടെ മാംസം മാനിന്റേത് എന്ന വ്യാജേന വിറ്റിരുന്നത്.
നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി ബിനോയിയുടെ തിരുവാലിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. പന്നിവേട്ടയ്ക്ക് പിന്നില്‍ വേറേയും ആളുകള്‍ ഉണ്ടോ എന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ്, പോലീസ് കേസുകളില്‍ പ്രതിയായ ബിനോയി കാപ ചുമത്തി നാടുകടത്തിയ ആളുകൂടിയാണ്. കാളികാവ് റേഞ്ച് ഓഫീസര്‍ പി.രാജീവ്, കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി.എം. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. അഭിനേഷ്, എ.പി. സജീവ്, എം. അശ്വതി, മനോജ്, സുനില്‍ ആന്റണി, വിനോദ്, അച്യുതന്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
