വേനൽക്കാല വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ബോധവത്കരണം; . കഴിഞ്ഞ വേനലിൽ ഉണ്ടായത് റെക്കോർഡ് വൈദ്യുതി ഉപയോഗം
തിരുവനന്തപുരം: മാർച്ച് മുതൽ മേയ് വരെ മാസങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കാനിടയുണ്ടെന്ന വിലയിരുത്തലിൽ വ്യാപക ബോധവത്കരണത്തിന് കെ.എസ്.ഇ.ബി നടപടി തുടങ്ങി. കഴിഞ്ഞ വേനലിൽ റെക്കോഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടായത്. ഇത് വിതരണ ശൃംഖലയെ ബാധിക്കുന്നതിനും പ്രാദേശിക നിയന്ത്രണങ്ങൾക്കും കാരണമായി. ഇതിനെ തുടർന്നാണ് ഇത്തവണ ഉപഭോക്താക്കളുടെ സഹകരണത്തോടെ ഉപയോഗം നിയന്ത്രിക്കാനുള്ള പ്രചാരണ പരിപാടികൾക്ക് തയാറെടുക്കുന്നത്.
ഫെബ്രുവരി മുതൽ മേയ് വരെ നാലു മാസത്തേക്കായിരിക്കും കാമ്പയിൻ. സമൂഹമാധ്യമങ്ങളിലൂടെയടക്കം വ്യാപകമായ ബോധവത്കരണം നടത്തും. ഇതിനായി കെ.എസ്.ഇ.ബി താൽപര്യപത്രം ക്ഷണിച്ചു. വൈകീട്ട് ആറിനും 12 നുമിടയിലുള്ള പീക്ക് മണിക്കൂറുകളിലെ ഉപയോഗം പരമാവധി കുറക്കുക എന്ന സന്ദേശമുൾപ്പെടുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ കാമ്പയിനായി തയാറാക്കും.
ഇതിനായി മീഡിയ, പി.ആർ ഏജൻസികളുടെ സഹായം പ്രയോജനപ്പെടുത്തും. വിഡിയോ റീൽ, സോഷ്യൽ മീഡിയ പോസ്റ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉൾപ്പെടുത്തിയുള്ള വിഡിയോ സന്ദേശങ്ങൾ എന്നിവയാണ് നിർമിക്കുക. താൽപര്യപത്രങ്ങളിൽ നിന്നും പബ്ലിക് റിലേഷൻസ് ഓഫിസർ കൺവീനറായ സെലക്ഷൻ കമ്മിറ്റി ഏജൻസിയെ തെരഞ്ഞെടുക്കും. ബോധവത്കരണത്തിലൂടെ ഉപയോഗം കുറക്കാനായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമോയെന്ന ആശങ്ക കെ.എസ്.ഇ.ബിക്കുണ്ട്.