കോഴിക്കോട്

വെർച്വൽ അറസ്റ്റ്’ ഭീഷണി: 18 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ കോഴിക്കോട് പിടിയിൽ

തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്. പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി. കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ് കേസുകളും ഉണ്ട്.

കോഴിക്കോട്: ‘വെർച്വൽ അറസ്റ്റ്’ എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി സ്വദേശി കയ്യേലിക്കൽ മുഹമ്മദ് ഷാനിഷ്, മടവൂർ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബർ പൊലീസ് പിടികൂടിയത്. 2025 ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പണം തട്ടിയത് പല തവണയായി

2025 ഫെബ്രുവരി 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വെർച്വൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്. പരാതിക്കാരിയുടെയും മകൻ്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പല തവണകളായി 18 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പിനായി പ്രതികൾ വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടുകളിലേക്കാണ് ഈ പണം എത്തിയിരുന്നത്. ഇതിൻ്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. അറസ്റ്റിലായവർക്കെതിരെ കൊടുവള്ളി മേഖലയിൽ മറ്റ് കേസുകൾ നിലവിലുണ്ടെന്ന് വടകര സൈബർ പൊലീസ് അറിയിച്ചു.

സൈബർ തട്ടിപ്പിലെ നിർണായക അറസ്റ്റ്

കോഴിക്കോട് റൂറൽ സൈബർ പൊലീസ് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരു പ്രധാന കണ്ണിയെ പിടികൂടിയിരുന്നു. കൊടുവള്ളി വാവാടിലെ പിക്കണ്ടിയിൽ മുഹമ്മദ് ജാസിയെയാണ് (23) ഇൻസ്പെക്ടർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

വ്യാജ ട്രേഡിങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും, ലോൺ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95,000 രൂപ നഷ്ടമായ കേസിലും നടത്തിയ അന്വേഷണമാണ് ജാസിയിലേക്ക് എത്തിയത്. ഈ കേസുകളിലെ നഷ്ടപ്പെട്ട പണം എത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂർ സ്വദേശിയായ റിസ്‌വാൻ, കോഴിക്കോട് പെരുവയൽ സ്വദേശി ആദിൽ ഷിനാസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ അക്കൗണ്ടുകളും എടിഎം കാർഡുകളും മുക്കം സ്വദേശിയായ ഷാമിൽ റോഷന് കൈമാറിയതായി വെളിപ്പെടുത്തി.ലഭിക്കുന്ന പണം നേരിട്ടും ക്രിപ്‌റ്റോ കറൻസിയാക്കിയും കൈമാറുന്നത് ഷാമിൽ റോഷനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷാമിൽ റോഷനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് താൻ പിൻവലിക്കുന്ന പണം നേരിട്ടും ക്രിപ്‌റ്റോ കറൻസി ആക്കിയും മുഹമ്മദ് ജാസിക്കാണ് കൈമാറിയതെന്ന നിർണായക വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് മുഹമ്മദ് ജാസിക്കായി വലവിരിക്കുകയും ഇയാളെ പിടികൂടുകയും ചെയ്തു.

അന്വേഷണത്തിൽ, മുഹമ്മദ് ജാസി ഈ ക്രിപ്‌റ്റോ കറൻസി ഫിനാൻസ് എക്സ്ചേഞ്ചിലൂടെ ചൈനീസ് സൈബർ തട്ടിപ്പുകാർക്ക് നൽകിക്കൊണ്ടിരുന്നതായാണ് വിവരം. കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിച്ചുവരുന്നതിനിടയിൽ പ്രതികളെ പിടികൂടുന്നത് പൊലീസിൻ്റെ അന്വേഷണത്തിന് വലിയ മുതൽക്കൂട്ടാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഈ സൈബർ തട്ടിപ്പ് ശൃംഖലയിലെ കൂടുതൽ പേർ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button