വെള്ളം കിട്ടിയില്ല; പക്ഷേ, ബില്ലിനു മുടക്കമില്ല


എടപ്പാൾ ∙ ജലജീവൻ പദ്ധതി പ്രകാരം വീടുകളിലേക്ക് ശുദ്ധജല കണക്‌ഷന് അപേക്ഷിച്ചവർക്ക് ഇനിയും വെള്ളം കിട്ടിയില്ലെങ്കിലും ബിൽ കൃത്യമായി കിട്ടുന്നു. അപേക്ഷിച്ച ഭൂരിഭാഗം പേർക്കും വീടുകൾക്ക് സമീപം പൈപ്‌ലൈൻ സ്ഥാപിച്ചു നൽകിയിട്ടുണ്ട്. എന്നാൽ പലയിടത്തും ഇനിയും വെള്ളമെത്തിയിട്ടില്ല. അതേസമയം, 2 മാസം കൂടുമ്പോൾ കൃത്യമായി ഉപയോഗിക്കാത്ത വെള്ളത്തിന് ബിൽ ലഭിക്കുന്നുണ്ട്.
എടപ്പാൾ പഞ്ചായത്തിലെ പൊൽപ്പാക്കര മേഖലയിലെ പലർക്കും കഴിഞ്ഞ ദിവസം ബിൽ ലഭിച്ചു. നേരത്തേ വട്ടംകുളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ താമസിക്കുന്നവർക്കും ഇത്തരത്തിൽ ബിൽ ലഭിച്ചിരുന്നു. ജലവിതരണം ആരംഭിക്കുന്നതിനു മുൻപ് പണം അടയ്ക്കാൻ ആവശ്യപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ലഭിച്ച ബില്ലുമായി
ജല അതോറിറ്റി ഓഫിസിൽ എത്തി വിവരം ധരിപ്പിക്കുമ്പോൾ പണം അടയ്ക്കേണ്ട ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിൽ വ്യക്തത വരുത്തുന്നതിനായി കിലോമീറ്ററുകൾ താണ്ടി ജല അതോറിറ്റി ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയാണ്.
പൈപ്‌ലൈൻ സ്ഥാപിച്ചുകഴിഞ്ഞ് വിവരം കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നതാണ് ബിൽ ലഭിക്കാൻ ഇടയാക്കുന്നതെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. ഇത്തരം ബില്ലുകൾ അടയ്ക്കേണ്ട ആവശ്യമില്ല.
ബിപിഎൽ വിഭാഗക്കാർക്ക് മാസം 15,000 ലീറ്റർ ജലം സൗജന്യമാണ്. ഇതിൽ കൂടുതൽ ഉപയോഗിക്കുന്നതിന് മാത്രമാണ് പണം അടയ്ക്കേണ്ടതുള്ളൂവെന്നും അധികൃതർ പറഞ്ഞു.
