മലപ്പുറം ജില്ലയിലടക്കം വിധിയെഴുത്തിന് ഇനി മൂന്നുനാൾ മാത്രം

മലപ്പുറം: അവേശം അവസാന ലാപ്പിലേക്ക് കടന്നതോടെ ഒരോ വോട്ടും ചോർന്നുപോകാതിരിക്കാൻ പഴുതടച്ചുള്ള പ്രചാരണമാണ് മുന്നണികൾ നടത്തുന്നത്. അവസാന ദിനങ്ങൾ അവധി ദിനങ്ങൾ കൂടിയായതിനാൽ പരമാവധി പേരെ പങ്കെടുപ്പിച്ച് ഗൃഹസന്ദർശനവും മറ്റും നടത്താനാണ് ശ്രമം. ഒപ്പം റാലികളും പൊതുസമ്മേളനങ്ങളും നടത്തി നിരത്തുകളിൽ നിറഞ്ഞുനിൽക്കും. പരമാവധി വോട്ടർമാരെ വരുതിയിലാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിലാകും ഇനി നേതാക്കളുടെ ശ്രദ്ധ.

മലപ്പുറം ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു പ്രചാരണങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കെ മുന്നണികൾ പഞ്ചായത്ത് തലറാലികളിലും കുടുംബ യോഗങ്ങളിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. റാലികൾ തങ്ങളുടെ ശക്തിതെളിയിക്കാനുള്ള വേദിയാക്കി മാറ്റാൻ എല്ലാ മുന്നണികളും ശ്രദ്ധവെക്കുന്നു. പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ദേശീയ നേതാക്കളുടെ പരിപാടികൾ എല്ലായിടങ്ങളിലും നടക്കുന്നുണ്ട്. എല്ലാ പരിപാടികളിലും സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്നുണ്ട്.
