ദേശീയപാത ലക്ഷ്യത്തിലേക്ക്; കുറ്റിപ്പുറത്ത് പുതിയ പാലം നിർമാണം അതിവേഗത്തിൽ

എടപ്പാൾ: ദേശീയപാതാ നിർമാണം ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വിദേശ മാതൃകയിൽ പുത്തൻ സാങ്കേതിക സംവിധാനങ്ങളോടെ ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് നിർമാണം. നിശ്ചയിച്ചതിലും വേഗത്തിലാണ് ജില്ലയിലെ രണ്ട് റീച്ചിലും നിർമാണം നടക്കുന്നത്. കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ നിർമാണം അതിവേഗത്തിലാണ്. കാലവർഷത്തെ തുടർന്ന് ഭാരതപ്പുഴയുടെ ഒഴുക്ക് ശക്തമായതിനാൽ നിർമാണം തൽക്കാലം നിർത്തിവച്ച് മെഷിനറികൾ പൊന്നാനി കനോലി കനാലിനുകുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണ ഭാഗത്തേക്ക് മാറ്റിയിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ കുറ്റിപ്പുറം പാലത്തിന്റെ നിർമാണം വീണ്ടും പുനരാരംഭിച്ചു. തൂണുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. കരാർ കാലാവധിക്കുമുമ്പ് ജില്ലയിലെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻ അറിയിച്ചു. ദേശീയപാതാ റീജണൽ ഓഫീസർ ബി എൽ മീണ ജില്ലയിലെത്തി നിർമാണ പ്രവർത്തനം വിലയിരുത്തി. രാമനാട്ടുകരമുതൽ വളാഞ്ചേരിവരെയും വളാഞ്ചേരിമുതൽ കാപ്പിരിക്കാട് വരെയുള്ള രണ്ട് റീച്ചുകളിലായി 72 കിലോമീറ്ററാണ് ജില്ലയിലെ ദേശീയപാതാ നിർമാണം. 4200 കോടിയാണ് നിർമാണ ചെലവ്. ആദ്യ റീച്ചിലെ വെന്നിയൂർ ഭാഗത്തെ 70 കെട്ടിടങ്ങളും രണ്ടാം റീച്ചിലെ വെളിയങ്കോട് പെരുമ്പടപ്പ് വില്ലേജുകളിലെ 15 കെട്ടിടങ്ങളുമാണ് പൊളിക്കാൻ ബാക്കിയുള്ളത്. പൊന്നാനി താലൂക്കിലെ അയിങ്കലം തവനൂർ ഭാഗങ്ങളിൽ ടാറിങ് വർക്കുകകളും പന്തേപാലത്ത് നിർമിക്കുന്ന അടിപ്പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. കേസുകൾ നിലനിൽക്കുന്നതിനാൽ ചില കെട്ടിടങ്ങൾ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ട് മുഖേന ഏറ്റെടുത്ത് പൊളിച്ചുനീക്കും. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. റോഡ് ക്രോസിങ് ഭാഗത്തെ അടിപ്പാതകളുടെ മേൽപ്പാതകളുടെയും നിർമാണവും പുരോഗമിക്കുന്നു.
