Local newsVELIYAMKODE
വെളിയങ്കോട് ഉമർഖാസി ആണ്ടുനേർച്ച സമാപിച്ചു. അന്നദാനം വാങ്ങാനെത്തിയത് 18,000 പേർ
പ്രമുഖ പണ്ഡിതനും സൂഫിയും സ്വാതന്ത്ര്യസമര നായകനുമായിരുന്ന വെളിയങ്കോട് ഉമർഖാസിയുടെ 171-ാം ആണ്ടുനേർച്ച സമാപിച്ചു. ആറുദിവസമായി തുടരുന്ന ആണ്ടുനേർച്ചയ്ക്ക് വ്യാഴാഴ്ച അന്നദാനത്തോടെയാണ് സമാപനം. അന്നദാനം വാങ്ങാനായി ആയിരങ്ങളാണ് വെളിയങ്കോട്ടേക്ക് ഒഴുകിയെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ തുടങ്ങിയ ഭക്ഷണവിതരണം വൈകുന്നേരം നാലു മണിവരെ നീണ്ടു. 420 ചാക്ക് അരിയുടെ ഭക്ഷണമാണ് വിതരണം നടത്തിയത്. 18,000 പേർക്ക് ഭക്ഷണം വിതരണം ചെയ്തുവെന്നാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്. അന്നദാന വിതരണം യൂസഫ് അഹ്സനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് കെ.വി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽമനാഫ്, ഖജാൻജി മൊയ്തുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.