മുംബൈ കപ്പല്‍ ലഹരി പാര്‍ട്ടി: ആര്യന് മയക്കുമരുന്ന് നല്‍കിയ ആള്‍ കസ്റ്റഡിയില്‍.
ബാളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ മലയാളിയുടെ ഇടപെടലും. പാര്‍ട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കി ശ്രേയസ് നായര്‍ എന്നയാള്‍ എന്‍സിബി കസ്റ്റഡിയിലാണ്. ഇയാള്‍ ആര്യന്‍ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.
കോര്‍ഡീലിയ കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടയില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ നാല് വര്‍ഷമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. ആഡംബര കപ്പലിലെ പാര്‍ട്ടിക്കായി ലഹരി എത്തിച്ച ആളെയും ആര്യന്‍ ഖാനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യലിന് ഒരു ദിവസമാണ് മുംബൈ കോടതി നല്‍കിയത്. ഇത് അവസാനിക്കുന്നതോടെ വൈകിട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കും. ചോദ്യംചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കസ്റ്റഡി നീട്ടാന്‍ എന്‍.സി.ബി അപേക്ഷ നല്‍കും. അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ആവശ്യപ്പെടും. ഷാരൂഖ് ഖാനുമായി സംസാരിക്കാന്‍ ആര്യന്‍ ഖാന് എന്‍സിബി രണ്ട് മിനുട്ട് സമയം അനുവദിച്ചു.
മുംബൈ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ആര്യന്‍ ഖാനെ ഒരു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനായി ആര്യനെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ നല്‍കാന്‍ ആര്യന്റെ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ചോദിച്ചതോടെ ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് എന്‍സിബി തീരുമാനം. കസ്റ്റഡിക്ക് ശേഷം ആര്യന്‍ ഖാനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടാല്‍ ഉടനെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കും.
ഇന്നലെ 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തിയതായി എന്‍സിബി അറിയിച്ചു. മയക്കുമരുന്ന് റാക്കറ്റിലെ ഒരാളുമായി പിടിയിലായവര്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നതെന്ന് എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെ പറഞ്ഞു.
ലഹരി എത്തിച്ചുനല്‍കിയവരുമായി ബന്ധപെട്ട അന്വേഷണമാണ് എന്‍സിബി ഊര്‍ജിതമാക്കിയിരിക്കുന്നത്. ലഹരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എന്‍സിബി പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട് മുംബൈയിലും നവി മുംബൈയിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.