കാലങ്ങളായി റോഡ് തകർച്ചയിൽ ശോച്യാവസ്ഥയിൽ ആയിരുന്ന കൂറ്റനാട് പെരിങ്ങോട് റോഡ് പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയാണെന്ന് മന്ത്രി എം ബി രാജേഷ്


കാലങ്ങളായി റോഡ് തകർച്ചയിൽ ശോയാവസ്ഥയിൽ ആയിരുന്ന കൂറ്റനാട് പെരിങ്ങോട് റോഡ് പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയും തൃത്താല മണ്ഡലം എംഎൽഎയും ആയ എം ബി രാജേഷ് പറഞ്ഞു. നാഗലശ്ശേരി പഞ്ചായത്തിലെ കൂറ്റനാട് പെരിങ്ങോട് റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 3 കോടി രൂപ ചെലവിൽ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിട്ടാണ് രണ്ടാംഘട്ടം ആരംഭിക്കുക. കിഫ്ബി പദ്ധതികൾ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വൻ സഹായമാണ് നൽകുന്നത്. 15 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ച കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് മണ്ഡലത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ്. ഇത് വഴിയുള്ള നിർമ്മാണമാണ്. 43 കോടി രൂപ മണ്ഡലത്തിൽ വിദ്യാഭ്യാസത്തിന് മാത്രമായി ചെലവിട്ടു. ഇതിന്റെ ഭൂരിഭാഗവും കിഫ്ബി ഫണ്ട് ആണ്. മണ്ഡലത്തിൽ ആരംഭിക്കാനിരിക്കുന്ന നഴ്സിംഗ് കോളേജിന് ഇറിഗേഷൻ വകുപ്പിന്റെ കെട്ടിടത്തിൽ താൽക്കാലിക പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ കോളേജ് പ്രവർത്തനം ആരംഭിക്കും. കോളേജിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുവാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തൃത്താല ഗവൺമെന്റ് കോളേജിന് 8.5 കോടി രൂപ അനുവദിച്ചു.
എന്നും മന്ത്രി പറഞ്ഞു. പെരിങ്ങോട് സെന്ററിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് വി.പി റെജീന അധ്യക്ഷത വഹിച്ചു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി ബാലകൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി ആർ കുഞ്ഞുണ്ണി, കെ വി സുന്ദരൻ, വിനീത പി വി, കെ എം രാജൻ തുടങ്ങി വിവിധ വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു
