വെയിലിൽ മനമുരുകി നെൽകർഷകർ


മേലാറ്റൂർ തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയും ചതിച്ചു. മഴ തിമിർത്ത് പെയ്യേണ്ട കർക്കടകത്തിൽ കർഷകരുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. മഴക്ക് പകരം വെയിൽ കനത്തതോടെ മനമുരുകി കഴിയുകയാണ് ജില്ലയിലെ നെൽകർഷകർ. ഒരു തുള്ളി മഴയില്ലാതെ കർക്കടകം കടന്നുപോകുമ്പോൾ വെന്തുരുകുന്നത് കർഷകന്റെ ഉള്ളാണ്. മകരത്തിൽ കൊയ്യണമെങ്കിൽ ഇപ്പോൾ ഞാറ് പാകണം. എന്നാൽ മഴയുടെ കുറവു കാരണം കൃഷിയിറക്കാൻ ധൈര്യമില്ലാതെ മടിച്ചുനിൽക്കുകയാണ് കർഷകർ. കരിങ്കറ കൃഷിക്ക് കർക്കടകത്തിലും മുണ്ടകൻ കൃഷിക്ക് ചിങ്ങത്തിലുമാണ് വിത്തിറക്കേണ്ടത്. ഞാറ് മുളപ്പിച്ച് പറിച്ചുനടണമെങ്കിൽ ചുരുങ്ങിയത് 40 ദിവസം വേണം. ഇതിനിടെ വെള്ളം ലഭിച്ചില്ലെങ്കിൽ കൃഷി അവതാളത്തിലാകും. നിലവിൽ സമീപത്തെ തോടുകളിൽനിന്ന് വെള്ളം തിരിച്ചും കുളത്തിൽനിന്ന് മോട്ടോർ അടിച്ചും ഞാറുപാകാനുള്ള വെള്ളം പല പാടങ്ങളിലുണ്ട്. പക്ഷേ അതുകഴിഞ്ഞ് വെള്ളത്തിന്റെ സ്ഥിതി എന്താവുമെന്നതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്. കർക്കടകത്തിൽ ഇങ്ങനെ മഴ ലഭിക്കാതിരിക്കുന്നത് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
