വെന്റിലേറ്ററിലായിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസ്; പ്രതിയായ ആശുപത്രി ടെക്‌നീഷ്യൻ പിടിയിൽ

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിനുശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.
വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചുവെന്നാണ് 46കാരിയായ എയർഹോസ്റ്റസ് പൊലീസിന് മൊഴി നൽകിയത്. ജോലിയുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിൽ പരിശീലനത്തിന് എത്തിയതായിരുന്നു യുവതി. ഹോട്ടലിൽ താമസിച്ചിരുന്ന യുവതിക്ക് നീന്തൽ കുളത്തിൽ വച്ച് ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് യുവതിയെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യം വഷളായതോടെ ഭർത്താവ് ഇടപെട്ട് യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന സമയത്ത് ആരോഗ്യനില മോശമായതുകൊണ്ട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഏപ്രിൽ 13ന് ആശുപത്രി വിട്ടതിനുശേഷമാണ് യുവതി ഭർത്താവിനോട് സംഭവിച്ചതെല്ലാം പറഞ്ഞത്. തുടർന്ന് ഭർത്താവാണ് 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് സദർ പൊലീസിൽ ഇവർ പരാതി നൽകി. സംഭവത്തിൽ ആശുപത്രിയിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചിരുന്നു.
