KERALA

വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്നു വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. വൈകിട്ട് 8.30നു തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം, പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് കൊണ്ടുപോകും. നാളെ രാവിലെയാണ് ജന്മനാടായ കൊല്ലം കുടവട്ടൂരിലെത്തിക്കുക . പൊതുദര്‍ശനത്തിനു ശേഷം വീട്ടു വളപ്പില്‍ സംസ്‌കരിക്കും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വൈശാഖ് ഉള്‍പ്പെടെ അഞ്ചു സൈനികര്‍ പൂഞ്ചില്‍ കൊല്ലപ്പെട്ടത്. പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാന്‍ എച്ച് വൈശാഖ്. കുടവട്ടൂര്‍ വിശാഖത്തില്‍ ഹരികുമാര്‍ ബീന ദമ്പതികളുടെ മൂത്ത മകനാണ് വൈശാഖ് .
24 കാരനായ വൈശാഖിന്റെ സ്വപ്നമായിരുന്ന വീട് യാഥാര്‍ഥ്യമായത് 6 മാസങ്ങള്‍ക്ക് മുമ്പാണ്. 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. അഞ്ചു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജിമെന്റില്‍ വൈശാഖ് ജോലിയില്‍ പ്രവേശിച്ചത്. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതും. ഇന്നലെ വൈകിട്ടോടെയാണ് മരണവിവരം സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ശില്പയാണ് വൈശാഖിന്റെ ഏക സഹോദരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button