MALAPPURAM
വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്‌ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു

കരുവാരക്കുണ്ട് : അരിമണൽ ചെമ്മലപ്പടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്‌ട്രിക് സ്കൂട്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു. ഇരിങ്ങൾതൊടിക സഫീറിന്റെ സ്കൂട്ടറാണ് കത്തി നശിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30-നാണ് തീപിടിച്ചത്. സ്കൂട്ടർ പൊട്ടിത്തെറിച്ച് സമീപത്ത് നിർത്തിയിട്ട യൂണികൊൺ ബൈക്കിലും തീപടർന്നു. ഇലക്‌ട്രിക് വാഹനം പൂർണമായും കത്തി നശിച്ചു. ബാറ്ററി ചാർജ് ചെയ്ത് അരമണിക്കൂറിനുശേഷമാണ് തീപടർന്നത്. ഇലക്‌ട്രിക് സ്കൂട്ടർ മൂന്നു വർഷം മുൻപ് വാങ്ങിയതാണ്. സ്കൂട്ടറിൽനിന്ന് ഉണക്കാനിട്ട പുതപ്പിലേക്കും തീപടർന്നെങ്കിലും സഫീറും അയൽപ്പക്കത്തുള്ള സ്ത്രീകളും ചേർന്ന് തീയണച്ചു.
