KERALA

വീട്ടിനകത്തായാലും സംഭവിക്കാം, അവയവങ്ങളെ ബാധിക്കും; കരുതണം സൂര്യാഘാതത്തെ

സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട അവസ്ഥയാണ്. ശരീരത്തിലെ ചൂട് വളരെക്കൂടിയാല്‍ അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.അതിനാലാണ് സൂര്യാഘാതം മരണകാരണമാവുന്നത്. 40 ഡിഗ്രി ചൂട് എന്നത് 104 ഡിഗ്രി ഫാരൻഹീറ്റാണ്. അതികഠിനമായ പനിയുടെ അവസ്ഥ. ശരീരത്തില്‍ ഇങ്ങനെ ചൂട് മണിക്കൂറുകള്‍കൂടി നിന്നാല്‍ താങ്ങാനാവാത്ത സ്ഥിതിവരും.

അമിതചൂടില്‍ രക്തത്തിന്റെ ഘടനയില്‍ മാറ്റം സംഭവിക്കാം. ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റ് തുടങ്ങിയ ഘടകങ്ങളുടെ അളവുമാറും. രക്തംകട്ടപിടിക്കാം. ഇത് ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കും. പേശികള്‍ക്ക് ക്ഷതം സംഭവിച്ച്‌ മയോഗ്ലോബിൻ എന്ന പ്രോട്ടീൻ ചോർന്ന് രക്തത്തിലെത്താം (റാബ്ഡോമയോലിസിസ്). അത് വൃക്കകളെ ബാധിക്കും. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളുടെ അളവില്‍ മാറ്റ വന്നും ശാരീരികപ്രവർത്തനങ്ങളെ ബാധിക്കും.

സൂര്യാഘാതം രണ്ടുവിധം-

  • ക്ലാസിക് ഹീറ്റ് സ്ട്രോക്ക്

പ്രധാനമായും പ്രായമേറിയവരിലാണ് കാണുന്നത്. ഇവരില്‍ പലരും പ്രമേഹം, അമിത ബി.പി. തുടങ്ങിയ അസുഖമുള്ളവരാവും. ബീറ്റ ബ്ലോക്കർ പോലുള്ള മരുന്നു കഴിക്കുന്നവരുമാവും. ശരീരത്തിലെ ചൂട് പുറത്തുകളയാനുള്ള സംവിധാനം ഇവരില്‍ ശരിയായി പ്രവർത്തിച്ചെന്നുവരില്ല. ചർമം വരണ്ടിരിക്കും. ഉഷ്ണതരംഗം ഉണ്ടാകുമ്ബോള്‍ വീട്ടിനകത്തായാലും സൂര്യാഘാതം സംഭവിക്കാം.

  • എക്സേർഷണല്‍ ഹീറ്റ് സ്ട്രോക്ക്

വെയിലത്തും മറ്റും അമിതമായി അധ്വാനിക്കുമ്ബോഴും ദീർഘനേരം വെയില്‍ കൊള്ളുമ്ബോഴും സംഭവിക്കുന്നു. ഇവരില്‍ ചർമം വിയർത്തുകുളിച്ചിരിക്കും.

അവയവങ്ങളെ ബാധിക്കുന്നതെങ്ങനെ?

1. ഹൃദയം

ഹൃദയത്തിലേക്ക് രക്തയോട്ടം തടസ്സപ്പെട്ട് ഹൃദയാഘാതം വരാം. ഹൃദയപേശികള്‍ക്ക് തകരാർ സംഭവിച്ച്‌ തെർമല്‍ കാർഡിയോമയോപ്പതി വരാം. അതുവഴി ഹൃദയപരാജയം.

2. മസ്തിഷ്കം

മസ്തിഷ്കാഘാതം വരാം. തലവേദന, ആശയക്കുഴപ്പം, അസാധാരണ പെരുമാറ്റം, തലകറക്കം, അബോധാവസ്ഥ എന്നിവയുണ്ടാകാം.

3. കരള്‍

കരളിലെ എൻസൈമുകളുടെ അളവുകൂടും. പ്രവർത്തനം താളംതെറ്റും.

4. വൃക്കകള്‍

നിർജലീകരണം, ചൂട് നേരിട്ടുണ്ടാക്കുന്ന ക്ഷതം, റാബ്ഡോമയോലിസിസ് എന്നിവ വൃക്കസ്തംഭനം ഉണ്ടാക്കുന്നു.

സൂര്യാഘാതം സംശയിച്ചാല്‍

ഉടൻ ശുശ്രൂഷ നല്‍കി ശരീരം തണുപ്പിക്കണം. തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കാം. ഫാൻ, എ.സി. തുടങ്ങിയവയുടെ സഹായത്താല്‍ തണുപ്പിക്കാം. വെള്ളം കുടിപ്പിക്കാം. കക്ഷത്തിലും തുടയിടുക്കിലും ഐസ് പാക്ക് വെക്കുന്നത് ഗുണംചെയ്യും. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടെങ്കിലോ വൈദ്യസഹായം ഉറപ്പുവരുത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button