വിൽപനക്ക് കഞ്ചാവ് സൂക്ഷിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
തിരൂർ: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപന നടത്തുന്നവരെയും കണ്ടെത്താൻ തിരൂർ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്റ്റിൽ. ഒരു കിലോയിലധികം കഞ്ചാവുമായി തെക്കൻ കുറ്റൂർ സ്വദേശി കടക്കോട്ട് വീട്ടിൽ ജമാലിനെയും (62), 80 ഗ്രാം കഞ്ചാവുമായി കൂട്ടായി സ്വദേശി പൊന്നാക്കടവത്ത് സാദിഖിനെയുമാണ് (60) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജമാൽ നേരേത്ത കെ.എസ്.ഇ.ബി ജീവനക്കാരെ വടിവാളുമായി ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ചതിന് തീരദേശത്തുനിന്ന് സാദിഖ് മുമ്പും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് കർശന പരിശോധന തുടർന്നുവരുന്നതായി പൊലീസ് അറിയിച്ചു. തിരൂർ പൊലീസ് ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ്കുമാർ, കെ.വി. വിപിൻ, സീനിയർ സി.പി.ഒമാരായ ഷിജിത്ത്, രാജേഷ് സി.പി.ഒമാരായ സുരേഷ്, അക്ബർ, സതീഷ് കുമാർ, ജിനേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതി ജമാലിനെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.