വിഷ്‌ണുപ്രിയ കൊലക്കേസ്: പൊന്നാനി സ്വദേശി പ്രധാനസാക്ഷിയാകും


തലശ്ശേരി: പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്‌ണുപ്രിയ (23) കൊലക്കേസിൽ മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി പ്രധാനസാക്ഷിയാകും.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇയാളുമായി വിഡിയോ കാൾ ചെയ്യുന്നതിനിടെയാണ് പ്രതി ശ്യാംജിത്ത് (26) വിഷ്ണുപ്രിയയുടെ വീട്ടിലെത്തുന്നത്. ‘ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും’ വിഷ്‌ണുപ്രിയ ആശങ്കയോടെ പൊന്നാനി സ്വദേശിയോട് പറഞ്ഞതായി അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
ശ്യാംജിത്തിനെ സാക്ഷി കണ്ടതിനുശേഷമാണ് വിഡിയോ കാൾ കട്ടായത്. സംശയം തോന്നിയ പൊന്നാനി സ്വദേശി, വിഷ്ണുപ്രിയക്ക് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയിൽ സുഹൃത്തിനെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നു. കൊല്ലപ്പെട്ട വിഷ്ണുപ്രിയ നേരത്തേ മാനന്തേരി സ്വദേശി ശ്യാംജിത്തുമായി പ്രണയത്തിലായിരുന്നു. അടുത്തകാലത്ത് ഇയാളുമായി പിണങ്ങിയതാണ് വിരോധത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
