![](https://edappalnews.com/wp-content/uploads/2025/02/IMG_20250203_124159.png)
മലപ്പുറത്ത് :ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്. മരിച്ച വിഷ്ണുജ കൊടിയ പീഡനത്തിന് ഇരയായെന്ന് സുഹൃത്ത് പറയുന്നു. ശാരീരികമായും അക്രമിച്ചുവെന്നും കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ചുവെന്നും സുഹൃത്തിന്റെ വെളിപ്പെടുത്തലിലുണ്ട്. വാട്ട്സ് ആപ്പ് മെസേജുകളും ഭര്‍ത്താവ് പ്രബിന് പരിശോധിക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ പുറത്തു പറയാനായില്ല. അതിനാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഉപദേശിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു.
മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനിയായ വിഷ്ണുജയെ എളങ്കൂരിലെ ഭർതൃവീട്ടിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു മഞ്ചേരി എളങ്കൂർ സ്വദേശി പ്രബിനുമായുള്ള വിഷ്ണുജയുടെ വിവാഹം.
ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് വിഷ്ണുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിഷ്ണുജയുടെ കുടുംബം പരാതി നൽകിയതിനു പിന്നാലെ പ്രബിനെ കസ്റ്റഡിയിലെടുത്തു. നാലു മണിയ്ക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവെന്നും കൂടുതൽ സ്ത്രീധനം വേണമെന്നും പ്രബിൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ജോലിയില്ലെന്നു പറഞ്ഞും ഭർത്താവും ബന്ധുക്കളും ദ്രോഹിച്ചു. മഞ്ചേരി പൊലീസാണ് പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)