KERALA

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. മലയാളം,തമിഴ്,കന്നട,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1952ൽ തിരുവനന്തപുരത്തായിരുന്നു പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

മദ്രാസ് പ്ലെയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ‌ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.കെ.ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.ഒരു യാത്രാമൊഴി, ഡെയ്സി, ​ഋതുഭേദം തുടങ്ങിയവ അടക്കം 12ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിന് തിരക്കഥയും ഒരുക്കി.

1985-ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നാൽ, വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് കേയ എന്നൊരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹ ബന്ധവും അവസാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button