KERALA

വിവിധ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴക്കും കാറ്റിനും സാധ്യത.

അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. ഈ മാസം 31 വരെ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ കേരളതീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുമുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിലവില്‍ മഴയില്ല. നീരൊഴുക്ക് കാര്യമായി കുറഞ്ഞു. 2200 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട് ഇതേ അളവില്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. 138 അടിയില്‍ സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ഡാമില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാന്‍ കേരളം വീണ്ടും ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button