ഇന്ന് തിരുവോണം


നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.
കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്.
പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം ഇട്ട് തിരുവോണ നാളില്‍ ഓണക്കോടി എന്ന പുതു വസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, മുക്കുറ്റി, കൊങ്ങിണി, ഇലകള്‍, ഫലങ്ങള്‍ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം പൂക്കളത്തില്‍ സ്ഥാനം പിടിച്ചവയാണ്. ഓണത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. കാളന്‍, ഓലന്‍,എരിശ്ശേരി ,അവിയല്‍ ,സാമ്പാര്‍, ഇഞ്ചിപ്പുളി ,പപ്പടം, പഴം, പായസം, ഉപ്പേരി എന്നിവയടങ്ങുന്നവയാണ് പ്രധാന വിഭവങ്ങള്‍.
ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ ജാതിഭേദമില്ലാതെ കേരളക്കര മുഴുവന്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണിത്. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. എടപ്പാൾ ന്യൂസിന്റ എല്ലാ വായനക്കാർക്കും ഐശ്വരത്തിന്റെയും നന്മയുടെയും പൊന്നിന്‍ തിരുവോണം ആശംസിക്കുന്നു.
