വിരമിച്ച പ്രമുഖ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ സൗദിയിൽ; സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബൂട്ടണിയും


വിരമിച്ച പ്രമുഖ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബൂട്ടണിയാനായി സൗദിയിലെത്തി. റൊണാള്‍ഡിഞോ, റിക്കാര്‍ഡോ കാക്ക, റോബര്‍ട്ടോ കാര്‍ലോസ് എന്നീ ബ്രസീല്‍ താരങ്ങളാണ് സൗദിയില്‍ എത്തിയത്.
സൗദി എന്റര്ടെയ്ന്മെന്റ് അതോറിറ്റിക്കു കീഴില്‍ നടക്കുന്ന റിയാദ് ഹോം കമിംഗ് ഫെസ്റ്റിവലിലാണ് താരങ്ങൾ പങ്കെടുക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന റിട്ടേണ്‍ ഓഫ് ദി സ്റ്റാര്‍സ് മത്സരങ്ങളില്‍ താരങ്ങള്‍ ബൂട്ടണിയും. ബോളിവാഡ് സിറ്റിക്ക് സമീപം ഹവാ സ്ട്രീറ്റില്‍ ഓഗസ്റ്റ് 23ന് ആരംഭിച്ച ഫെസ്റ്റിവല്‍ സെപ്തംബര്‍ 5 വരെ നീണ്ടുനിൽക്കും.
എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെയാണ് ഹോം കമിംഗ് ഫെസ്റ്റിവലിലേക്ക് പ്രവേശനം നല്‍കുന്നത്. വാരാന്ത്യങ്ങളില്‍ രാത്രി 1 മണിവരെ പ്രവേശനം ഉണ്ടാകും. 20 റിയാലാണ് പ്രവേശന ടിക്കറ്റ് നിരക്ക്. ഡിസ്കവറിംഗ് ടാലന്റ്സ്, റൈഡിംഗ് ദി സ്പെയ്സ് ഷട്ടില്‍, പ്ലാന്റിംഗ് എ ട്രീ, പെയിന്റിംഗ്, കുക്കിംഗ്, വിസിറ്റിംഗ് ദി മൂണ്‍ തുടങ്ങി നിരവധി പരിപാടികളാണ് ഹോം കമിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
