വിമാനത്തിൽ യാത്രക്കാരി കുഴഞ്ഞു വീണു ; രക്ഷകനായി തിരൂർ സ്വദേശി അനീസ് മുഹമ്മദ്

തിരൂർ: വിമാനയാത്രയിൽ സഹയാത്രിക്കാരി കുഴഞ്ഞു വീണപ്പോൾ രക്ഷകനായത് തിരൂർ സ്വദേശി അനീസ് മുഹമ്മദ്. ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ കുഴഞ്ഞുവീണ സഹയാത്രക്കാരിയെയാണ് പുറത്തൂർ സ്വദേശി ഡോ. അനീസ് മുഹമ്മദ് സമയോജിതമായ ഇടപെടൽ മൂലം രക്ഷിച്ചത്.
ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റ് മെഡിക്കൽ അക്കാദമിയിൽ ഇന്റേൺഷിപ്പിനു ശേഷം 28ന് തിരികെ വരികയായിരുന്നു. വിമാനം ഡൽഹിയിൽ എത്തുന്നതിനു മുൻപാണ് വിമാനത്തിൽ ഡോക്ടറെ അന്വേഷിച്ചുള്ള അനൗൺസ്മെന്റ് മുഴങ്ങിയത്. 48 വയസ്സുള്ള ഉസ്ബെക്കിസ്ഥാൻ സ്വദേശിനി വിമാനത്തിൽ കുഴഞ്ഞു വീണിരുന്നു.
ഹൃദ്‍രോഗമാണ് കുഴഞ്ഞു വീഴാൻ കാരണമെന്ന് അനീസ് മുഹമ്മദ് മനസ്സിലാക്കി. എങ്കിലും കൂടുതൽ വിവരങ്ങൾക്കു വേണ്ടി പരതുമ്പോൾ യാത്രക്കാരിയുടെ ബാഗിൽ നിന്ന് കുറച്ചു രേഖകൾ കിട്ടിയത്. ഇതിൽ നിന്ന് അവർക്ക് സുപ്രാവെൻട്രിക്കുലാർ ടാക്കികാർഡിയ എന്ന അവസ്ഥയുണ്ടെന്നു മനസ്സിലായി. ഇതോടെ കാരോട്ടിഡ് മസാജ് ചെയ്തു. അൽപ സമയം കഴിഞ്ഞതോടെ യാത്രക്കാരി സുഖം പ്രാപിച്ചു.
അനീസിന്റെ മനസ്സാന്നിധ്യം ഉസ്ബെക്കിസ്ഥാൻ സ്വദേശിയുടെ ജീവൻ രക്ഷിച്ചു. വിമാനത്തിൽ നിന്നിറക്കി ഡൽഹിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പുറത്തൂർ ശാന്തിനഗറിലെ പാടശ്ശേരി ഹുസൈന്റെയും ടി.എ.റഹ്മത്തിന്റെയും മകനാണ് കിക്ക് ബോക്സിങ് ട്രെയിനർ കൂടിയായ ഡോ. അനീസ് മുഹമ്മദ് .
