പൊന്നാനി: എറണാകുളത്തെ മറൈൻ ഡ്രൈവ് പോലെ, ആലപ്പുഴയിലെ ഹൗസ് ബോട്ട് ജെട്ടികൾ പോലെ പൊന്നാനിയിലെ നിളയോര പാത വിനോദ സഞ്ചാരികളുടെ പറുദീസയാവുന്നു. നിളയുടെ സൗന്ദര്യം നുകർന്ന്, പൊന്നാനിയുടെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ രുചിച്ച്, പുഴയുടെ ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര നടത്തി അവധി ദിനങ്ങളെ ആഘോഷമാക്കാൻ ഓരോ ദിവസവുമെത്തുന്നത് ആയിരങ്ങൾ.നിളയുടെ അരികുപറ്റി കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാത വൈകുന്നേരങ്ങളിൽ ജനനിബിഡമാണ്. ഭാരതപ്പുഴ അറബിക്കടലിൽ അലിയുന്ന അഴിമുഖത്തു നിന്നുവരുന്ന തണുത്ത കാറ്റ് ഉച്ചവെയിലിന്റെ കാഠിന്യത്തെപോലും നേർപ്പിക്കും. പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് സൂര്യൻ ചേക്കേറിത്തുടങ്ങുമ്പോൾ ഈ പാതയിലേക്ക് ആളുകളുടെ ഒഴുക്കാണ്. അഴിമുഖത്തെയും നിളയിലെയും കാഴ്ച്ചകൾ കണ്ട് സായാഹ്നസൗന്ദര്യം ആസ്വദിച്ച് ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര നടത്തിയാണ് മടക്കം.നരിപ്പറമ്പ് പൊന്നാനി ദേശീയപാതയിലെ ചമ്രവട്ടം കടവിൽനിന്ന് തുടങ്ങി പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ നീളുന്ന അഞ്ചരക്കിലോമീറ്ററോളം വരുന്നതാണീ പാത. ഹാർബറിനെ ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിർമ്മിച്ച പാലം കാഴ്ചകളുടെ സൗന്ദര്യത്തിന് ശോഭ കൂട്ടുന്നു. പാലത്തിനു മുകളിലെത്തി ഭാരതപ്പുഴയ്ക്കഭിമുഖമായി സെൽഫിയെടുക്കാൻ തിരക്കോട് തിരക്കാണ്.പെരുന്നാളിന് ശേഷമുള്ള വൈകുന്നേരങ്ങൾ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുളളവർ അവധി ദിവസങ്ങൾ ചെലവിടാൻ ഒന്നാമതായി തിരഞ്ഞെടുക്കുന്ന ഇടമായി പൊന്നാനി നിളയോര പാത മാറി. നിളയുടെയും അറബിക്കടലിന്റെയും സൗന്ദര്യമാസ്വദിക്കാൻ കഴിയുന്ന ബോട്ടുയാത്രയാണ് ഇവിടത്തെ പ്രത്യേകത. സ്പീഡ് ബോട്ടുകൾ ഉൾപ്പെടെ ഇരുപതോളം ബോട്ടുകൾ ഇവിടെ സവാരി നടത്തുന്നുണ്ട്. അവധിക്കാലം പ്രമാണിച്ച് പ്രത്യേക ഓഫറുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരുന്നത്. മുക്കാൽമണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരാൾക്ക് 100 രൂപയാണ് ഈടാക്കുന്നത്. വൈകിട്ട് മൂന്നുമുതൽ ഏഴുവരെയാണ് സവാരി.മണിക്കൂറുകൾ കണക്കാക്കി ബോട്ടുസവാരി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഗ്രൂപ്പുകളായെത്തുന്നവർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പാക്കേജും നിലവിലുണ്ട്. 30 പേർക്ക് കയറാവുന്ന ബോട്ടിന് ഒരു മണിക്കൂർ നേരത്തേയ്ക്ക് വാടക കണക്കാക്കുന്നത് 2500 രൂപയാണ്. ഭക്ഷണമുൾപ്പെടെ നാല് മണിക്കൂർ നേരത്തേയ്ക്ക് ഒരാൾക്ക് 400 രൂപ നിരക്കിലുള്ള പാക്കേജും ലഭ്യമാണ്.കുതിര സവാരിയും ബഗി റെയ്ഡും ഒരുക്കിയിട്ടുണ്ട്. ഭക്ഷണവൈവിദ്ധ്യം സമ്മാനിക്കുന്ന നിരവധി കടകളാൽ സമൃദ്ധമാണ് തീരം. സീ ഫുഡ് ഇനങ്ങളുമായി പ്രത്യേക ഭക്ഷണശാലകളുണ്ട്. ഉച്ച തിരിഞ്ഞതു മുതൽ രാത്രി വൈകും വരെ ഇവിടെ തിരക്കൊഴിയാറില്ല. ജനം ഒഴുകിയെത്തുന്നുണ്ടെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യമില്ല. ഇവിടത്തെ വീടുകളാണ് ദൂരെദിക്കുകളിൽ നിന്നെത്തുന്നവരുടെ ആശ്രയം. ജൂണോടെ ഇതിന് പരിഹാരമാകുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. പാതയോരത്ത് വിളക്കുകളില്ലാത്തതും ഇവിടത്തെ ഇല്ലായ്മകളിൽ മറ്റൊന്നാണ്.