വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം..

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു.
പുഴയിലെ മണല്‍ത്തിട്ടയില്‍നിന്ന് ഫോട്ടോയെടുക്കാനും മറ്റും ധാരാളം ആളുകളെത്താറുണ്ട്. ചുഴിയും നല്ല ആഴവുമുള്ള മേഖലയിലാണിത്. പെട്ടെന്ന് ചുഴിയുണ്ടാകുമ്പോള്‍ മണല്‍തിട്ട അടര്‍ന്നുപോകും.
സിദ്ധിക്കും ഫായിസും നിന്ന മണല്‍തിട്ട ഇത്തരത്തില്‍ അടര്‍ന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമം വിഫലമായി. ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞതോടെ കോതമംഗലത്തുനിന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.
