രാത്രി ഗുഡ്സ് ഓട്ടോ കന്നുകാലിയെ ഇടിച്ച് അപകടം

പൊന്നാനി : കന്നുകാലികളെ മാസങ്ങളോളം ഭാരതപ്പുഴയിലേക്ക് മേയാൻ വിടുന്ന ക്രൂരതയ്ക്ക് അറുതിയില്ല. രാത്രി വിശ്രമിക്കാനായി പുഴ കടന്ന് തീരത്തെ റോഡിലേക്കെത്തുന്ന കാലികൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പൊന്നാനി കർമ റോഡിൽ ഇന്നലെ രാത്രി കന്നുകാലിയെ ഇടിച്ച് ഗുഡ്സ് ഓട്ടോയുടെ മുൻഭാഗം തകർന്നു. ഡ്രൈവർക്ക് പരുക്കേറ്റു. കന്നുകാലി ഗുരുതര പരുക്കുകളോടെ റോഡരികിൽ മണിക്കൂറുകളോളം കിടന്നു.
ആഴ്ചകൾ മാത്രം പ്രായമുള്ള കന്നുകാലികളെ കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ച് ഭാരതപ്പുഴയിലെ തുരുത്തുകളിൽ ഇവയെ കൊണ്ടാക്കുകയാണ് കച്ചവടക്കാർ. തുരുത്തുകളിലെ പുല്ലും പുഴയിലെ വെള്ളവും കുടിച്ച് ഇവ പൂർണ വളർച്ചയിലെത്തുമ്പോൾ ഉടമസ്ഥർ വന്ന് കൊണ്ടുപോയി വൻ വിലയ്ക്ക് മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്. വളർത്തുകൂലിയുടെ ലാഭം നോക്കി വൻ ക്രൂരതയാണ് ഇൗ മിണ്ടാപ്രാണികളോട് ചെയ്യുന്നത്.
ഇത്തരത്തിൽ പുഴയിലേക്ക് മേയാൻ വിടുന്ന കാലികൾ രാത്രിയിൽ കർമ റോഡിലേക്ക് കയറി വന്ന് വിശ്രമിക്കുന്നത് പതിവാണ്. തെരുവുവിളക്ക് പോലുമില്ലാത്ത റോഡിൽ കന്നുകാലികൾ വിശ്രമിക്കുന്നത് ശ്രദ്ധയിൽപെടാതെ വാഹനങ്ങൾ ഇടിക്കുകയാണ്. സമാനമായ അപകടമാണ് ഇന്നലെ രാത്രിയിലുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോയുടെ മുൻഭാഗം തകർന്നു.
ഇതേ ആഴത്തിലുള്ള പരുക്ക് കന്നുകാലിക്കും ഉണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ മരണ വേദനയില്‍ കാലി റോഡരികിൽ കിടക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മൃഗാശുപത്രി അധികൃതരെത്തി പ്രഥമ ശുശ്രൂഷ നൽകി. ഉച്ചയോടെ ഉടമസ്ഥനെത്തി കന്നുകാലിയെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി.
