വെള്ളമാണെന്ന് കരുതി കഴിച്ചത് രാസലായനി; കോഴിക്കോട് വിദ്യാർഥി അവശനിലയിൽ

കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച വിദ്യാർഥി അവശനിലയിൽ ചികിത്സയിൽ. കാസർഗോഡ് മദ്രസയിൽ നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന വിദ്യാർഥിയാണ് ചികിത്സ തേടിയിരിക്കുന്നത്. വായയും അന്ന നാളവും പൊള്ളിയിട്ടുണ്ട്.കോഴിക്കോട് നോർത്ത് ബീച്ചിനു സമീപമുള്ള തട്ടുകടയിൽ നിന്നും ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് എരിവ് അനുഭവപ്പെട്ടതിനാൽ തട്ടുകടയിൽ കണ്ട വെള്ളം കുടിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയ കുട്ടി ഉടൻ തന്നെ ചർദ്ദിക്കുകയും ചെയ്തു. ചർദ്ദി മേലിൽ വീണ സുഹൃത്തിനും പൊള്ളലേറ്റിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം
ഉപ്പിലിട്ടത് വേഗം പാകമാകാൻ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കാറുണ്ടെന്നും ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.കുട്ടികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഇപ്പോൾ പൊള്ളലേറ്റ വിദ്യാർഥി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
