വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തണം – ജില്ലാ കളക്ടര്‍

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് പറഞ്ഞു. ദേശീയ സമ്പാദ്യ പദ്ധതിയില്‍ കൂടുതല്‍ തുക സമാഹരിച്ച സ്‌കൂളുകളെയും മുതിര്‍ന്ന ഏജന്റുമാരെയും ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിങ് മേഖലയെ പരിചയപ്പെടാനും സുരക്ഷിതമായ നിക്ഷേപത്തിനും സമ്പാദ്യ പദ്ധതി കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം സമ്പദ്വ്യവസ്ഥയില്‍ ഗുണകരമായ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കുട്ടികളെ സമ്പാദ്യ പദ്ധതിയില്‍ അംഗമാക്കിയ തേഞ്ഞിപ്പലം എ യു പി
സ്‌കൂളിനും കൂടുതല്‍ തുക നിക്ഷേപം ലഭിച്ച കുന്നപ്പള്ളി എ എം യു പി സ്‌കൂളിനും ജില്ലാ കളക്ടര്‍ ട്രോഫി കൈമാറി. എഴുപത് വയസ്സ് പൂര്‍ത്തിയാക്കിയ എം പി എസ് കെ ബി വൈ, എസ് എ എസ് ഏജന്റുമാരെ പരിപാടിയില്‍ ആദരിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി രമേഷ് കുമാര്‍, ജില്ലാ ട്രഷറി ഓഫീസര്‍ എം കെ സ്മിജ, ദേശീയ സമ്പാദ്യ പദ്ധതി അസി. ഡയറക്ടര്‍ ജിതിന്‍ കെ ജോണ്‍, ഗ്രേഡ് അസിസ്റ്റന്റ് ആര്‍ദ്ര ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
