Local newsMALAPPURAM

വിജയലക്ഷ്മിയുടെ മരണം, മദ്രസയ്ക്ക് അവധി നൽകി; ഇതാണ് ‘റിയൽ മലപ്പുറം’

കോട്ടയ്ക്കൽ : “സ്നേഹഗാഥ”കൾ രചിക്കുന്നതിൽ എന്നും മുന്നിലാണ് മലപ്പുറം. കുഴിപ്പുറം മാട്ടണപ്പാടു നിന്നു വരുന്നതും അത്തരമൊരു കഥയാണ്. ചക്കിങ്ങൽത്തൊടി വേലായുധന്റെ ഭാര്യ വിജയലക്ഷ്മി കഴിഞ്ഞദിവസം മരിച്ചപ്പോൾ, പഠനത്തിന് അവധി നൽകി കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് മരണാനന്തര ചടങ്ങുകൾക്കു കൂടെനിന്നു സമീപത്തെ തഅലീമു സ്വിബ് യാൻ മദ്രസ അധ്യാപകനും ഭാരവാഹികളും.അപ്രതീക്ഷിതമായിരുന്നു വിജയലക്ഷ്മിയുടെ (58) അകാലവിയോഗം. വിവരമറിഞ്ഞയുടൻ മദ്രസ അധ്യാപകൻ അബ്ദുൽ മജീദ് മുസല്യാർ പൊട്ടിക്കല്ലും പ്രസിഡന്റ് അമ്പലവൻ അടുമണ്ണിൽ കുഞ്ഞിപ്പ, സെക്രട്ടറി കറുമണ്ണിൽ അബ്ദുഹാജി എന്നിവരും വീട്ടിലെത്തി. ദൂരദിക്കുകളിൽ നിന്നെത്തിയ വേലായുധന്റെ ബന്ധുക്കളും മറ്റും രാത്രി തങ്ങിയത് മദ്രസയുടെ ഇരുനില കെട്ടിടത്തിലാണ്. ഇവർക്കു ഭക്ഷണമൊരുക്കി കൊടുക്കാനും മുന്നിലുണ്ടായിരുന്നു മദ്രസ ഭാരവാഹികൾ. മൃതദേഹം സംസ്കരിക്കാനായി ഷൊർണൂരിലേക്കു കൊണ്ടുപോകുന്നതുവരെ ഏതാവശ്യങ്ങൾക്കും വിളിപ്പുറത്തുതന്നെ ഇവർ നിലകൊണ്ടു.

വേലായുധന്റെ കുടുംബവും മദ്രസയും തമ്മിലുള്ള സ്നേഹബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മദ്രസയിൽ ആരെങ്കിലും മധുരപലഹാരമോ മറ്റു ഭക്ഷണസാധനങ്ങളോ കൊണ്ടുവന്നാൽ അതിന്റെ ഒരു വിഹിതം വേലായുധന്റെ വീട്ടിലെത്തും. വേലായുധന്റെ വീട്ടിലെ വിശേഷഅവസരങ്ങളിൽ മദ്രസ ഭാരവാഹികൾ ആദ്യാവസാനക്കാരായി ഉണ്ടാകും. നബിദിനം പോലുള്ള ചടങ്ങുകൾക്കു സഹായിക്കാൻ വേലായുധനും കുടുംബവും മദ്രസയിലുമെത്തും. വേലായുധന്റെ കുടുംബം പലപ്പോഴും വെള്ളത്തിനായി ആശ്രയിക്കുന്നത് മദ്രസ യെയാണ്.തയ്യൽ തൊഴിലാളിയാണ് വേലായുധൻ. മക്കൾ: ജിയൂഷ്, ജിംഷി. മരുമകൾ: മിഹിഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button