‘വിഐ’ക്ക് ഈ വർഷത്തിൽ മൂന്നുമാസം തോറും ഒരു ബില്യൺ ഡോളറിന്റെ നഷ്ടം.

വോഡഫോണും ഐഡിയയും ചേർന്ന് രൂപവത്കരിച്ച ‘വിഐ’ക്ക് ഈ വർഷത്തിൽ മൂന്നുമാസം തോറും ഒരു ബില്യൺ ഡോളറിന്റെ നഷ്ടം. 2021 ലെ ആദ്യ ഒമ്പത് മാസത്തിൽ ആകെ 80 കോടിയുടെ നഷ്ടമാണ് കമ്പനിക്കുള്ളത്. കമ്പനി ഏറെ പരിതാപകരമായ അവസ്ഥയിലാണ് നീങ്ങുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള പണംവായ്പ നൽകിയവരോട് ലോൺ അടക്കുന്നതിൽ ഇളവ് നൽകാൻ കമ്പനി ആവശ്യപ്പെട്ടതായി നേരത്തെ വാർത്തയുണ്ടായിരുന്നു. എന്നാൽ വാക്സിനേഷൻ വ്യാപകമായ ശേഷം സാമ്പത്തിക രംഗം സജീവമായതോടെ കമ്പനി തിരിച്ചുവരവിന്റെ പാതയിലാണെന്ന് വി.ഐ എം.ഡിയും സിഇഒയുമായ രവീന്ദ്രർ ടാക്കർ പറഞ്ഞു.
ടെലികോം കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന ആവറേജ് റവന്യൂ പെർ യൂസറിൽ (ARPU) അഞ്ചു ശതമാനം വർധനവ് വി.ഐക്കുണ്ടായത് ശുഭകരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇൻറർകണക്ട് യൂസേജ് ചാർജ് ഒഴിവാക്കിയ ശേഷമാണ് കമ്പനിക്ക് ഈ വർധനവുണ്ടയത്. എന്നാൽ 2021 മാർച്ചിലുണ്ടായ വൻഇടിവിൽ നിന്ന് പൂർണമായി തിരിച്ചുകയറാൻ കമ്പനിക്കായിട്ടില്ല. ഉണ്ടാക്കിയ വർധനവ് തന്നെ പ്രാഥമിക പ്ലാൻ 49 നിന്ന് 79 ആക്കിയത് വഴി ലഭിച്ചതാണ്. ചില പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ താരിഫ് നിരക്ക് വർധിപ്പിക്കുകയും ചെയ്തിരുന്നു. 4ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ 3.6 ശതമാനം വർധനവുണ്ടായതും കമ്പനിക്ക് ഉപകാരപ്രദമായിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി കമ്പനിക്ക് 2.4 മില്യൺ ഉപഭോക്താക്കളെയാണ് നഷ്ടമായത്. എന്നാൽ പത്തു മില്യൺ ഉപഭോക്താക്കളെ നഷ്ടപ്പെട്ട കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഇക്കുറി കുറവ് നഷ്ടമാണുണ്ടായിട്ടുള്ളത്.
