വാലില്ലാപ്പുഴ ഒഴുകും, തടസ്സങ്ങളില്ലാതെ;പുഴയുടെ ഇരു ഭാഗത്തും കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി പൂർത്തീകരിച്ചു


തിരുനാവായ: ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന രണ്ടാമത്തേതും തിരൂർ പുഴയുടെ ഭാഗവുമായ വാലില്ലാപ്പുഴ ഇനി തടസ്സങ്ങളില്ലാതെ ഒഴുകും. ആതവനാട് ഭാഗത്തുനിന്ന് തുടങ്ങി കുറ്റിപ്പുറം പഞ്ചായത്തിലൂടെ സഞ്ചരിച്ച് എടക്കുളം ചീർപ്പുംകുണ്ട് വഴി സൗത്ത് പല്ലാറിൽ ഒഴുകിയെത്തുന്ന വാലില്ലാപ്പുഴ വീതിയും ആഴവും കൂട്ടി സംരക്ഷിക്കണമെന്നത് ഇവിടത്തെ പരിസ്ഥിതി പ്രവർത്തകരുടെ വളരെ കാലത്തെ ആവശ്യമായിരുന്നു. പുഴ സംരക്ഷണത്തിന് വാർഡ് അംഗം സൂർപ്പിൽ ബാവ ഹാജിയുടെ ഇടപെടൽ മൂലം ഗ്രാമപഞ്ചായത്ത് 27 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടർന്ന് അറോട്ടിപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് പുഴയുടെ ഇരു ഭാഗത്തും കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടുന്ന പ്രവൃത്തി പൂർത്തീകരിച്ചു.
മുൻ എം.എൽ.എ സി. മമ്മുട്ടിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച് മുമ്പ് നടത്തിയ പ്രവൃത്തിയുടെ തുടർച്ചയാണിത്. എട്ട് പഞ്ചായത്തുകളിൽനിന്നുള്ള വെള്ളം വാലില്ലാപ്പുഴയിലേക്ക് ഒഴുകി എത്തുന്നതിനാൽ സൗത്ത് പല്ലാർ ഭാഗത്ത് മഴക്കാലത്ത് വലിയ വെള്ളക്കെട്ടുണ്ടാവുകയും ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോൾ പുഴയുടെ പാർശ്വഭിത്തി കെട്ടിയതും അറോട്ടിപ്പാലം പുതുക്കിപ്പണിതതും വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കൂടാതെ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂവസ്ത്ര നിർമാണത്തിന്റെ ഭാഗമായി പുഴ വൃത്തിയാക്കലും നടക്കുന്നുണ്ട്. വാലില്ലാപ്പുഴ സംരക്ഷണത്തിന്റെ പ്രാധാന്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കുന്നതിന്റെ ഭാഗമായി സൽമാൻ കരിമ്പനക്കലിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. തുടർന്ന് ‘മാധ്യമം’ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. പല്ലാറിലെ പക്ഷിസങ്കേതത്തിന്റെയും താമരക്കായലിന്റെയും നിലനിൽപ്പിനും ഈ നദിയുടെ സംരക്ഷണം അത്യാവശ്യമാണ്. കൂടാതെ ടൂറിസം സാധ്യതയും നിലനിൽക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത്, ഇറിഗേഷൻ, റിവർ മാനേജ്മെന്റ് തുടങ്ങിയവയിൽനിന്ന് അടിയന്തരമായി ഫണ്ട് അനുവദിച്ച് ബാക്കിയുള്ള ഭാഗത്ത് കൂടി പ്രവൃത്തി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു.
