വാഹനങ്ങളില്‍ കൂളിങ്ങ് ഒട്ടിക്കരുതെന്ന് നിയമം; ലംഘനത്തില്‍ മുന്നില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍
വാഹനങ്ങളിൽ കൂളിങ്ങ് ഫിലിം (സൺഫിലിം) പതിപ്പിക്കുന്നതിനെതിരേ കർശനമായി നടപടി സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് വാഹനത്തിന്റെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകളോ കർട്ടണുകളോ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, നമ്മുടെ നിരത്തുകളിൽ ഓടുന്ന കാറുകളിൽ ഇപ്പോഴും കൂളിങ്ങ് ഫിലിമുകൾ ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരുടെ വാഹനങ്ങൾക്ക് പുറമെ, ഭരണതലത്തിലുള്ളവരുടെ ഔദ്യോഗിക വാഹനത്തിലും സൺഫിലിമുകൾ സുലഭമാണ്.
സാധാരണക്കാരുടെ വാഹനങ്ങളിൽ സൺഫിലിം ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നിയമലംഘനത്തിനുള്ള പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കുകയും ഇത് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്യും. എന്നാൽ, ഈ നിയമത്തിന് പുല്ലുവില കൽപ്പിച്ച് കൂളിങ്ങും കർട്ടണുമായി നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് തിരുവനന്തപുരം നഗരത്തിൽ മാത്രം മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിൽ എം.എൽ.എയുടെ കാർ മുതൽ വൈസ് ചെയർമാന്റെ കാർ വരെ ഈ നിയമലംഘനം നടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയത്.
സാധാരണയായി കൂളിങ്ങ് സ്റ്റിക്കറിന് പിഴ ലഭിക്കുന്ന സാധാരണക്കാർ ചോദിക്കുന്ന ചോദ്യമുണ്ട്, ഉദ്യോഗസ്ഥരുടെ വണ്ടിയിൽ കൂളിങ്ങ് ഒട്ടിക്കുന്നത് എം.വി.ഡി. കാണുന്നില്ലേയെന്ന്. ഇത്തരത്തിൽ പിന്നിലെ വിൻഡ് ഷീൽഡ് കർട്ടൺ ഇട്ട് മറച്ച എം.എൽ.എയുടെ ഔദ്യോഗിക വാഹനം, കൂളിങ്ങ് സ്റ്റിക്കർ ഒട്ടിച്ചിട്ടുള്ള കേരള സർക്കാർ ബോർഡ് വെച്ച കാർ, കർട്ടൺ ഇട്ട മറ്റൊരു സർക്കാർ വാഹനം, കർട്ടൺ ഇട്ട് ഗ്ലാസ് മറച്ച ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ വാഹനം, കർട്ടൺ ഇട്ട് പിന്നിലെ ഗ്ലാസ് മറച്ചിരിക്കുന്ന മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനം എന്നിവയാണ് നിയമലംഘനം ശ്രദ്ധയിൽപെട്ട ഔദ്യോഗിക വാഹനങ്ങൾ.