Local newsPONNANI

വാഹനം കണ്ടുകെട്ടൽ: നടപടികൾ ശക്തമാക്കാൻ എക്‌സൈസ്

പൊന്നാനി: മദ്യ, ലഹരി കടത്തിനുപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുന്ന നടപടികൾ ശക്തമായി നടപ്പാക്കാൻ എക്‌സൈസ് വകുപ്പ്. നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തതിനാൽ പലപ്പോഴും ഇത് നടപ്പാകാറില്ല. കൃത്യമായ നടപടികളിലൂടെ, കുറ്റകൃത്യത്തിനുപയോഗിക്കുന്ന വാഹനം കണ്ടുകെട്ടണമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലഹരിമരുന്നുൾപ്പെടെ കടത്താനും പൈലറ്റിനായും ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ കേരള അബ്കാരി നിയമത്തിലെ 1/1077 വകുപ്പ് 67 ബി പ്രകാരമാണ് കണ്ടുകെട്ടുന്നത്.ഈ വകുപ്പ് അർധ ജുഡീഷ്യൽ അധികാരമായാണ് കണക്കാക്കുന്നത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ വിവേചനാധികാരപ്രകാരമാണ് വാഹനം കണ്ടുകെട്ടുന്നത്. വാഹന ഉടമയും പ്രതിയും ഒരാളല്ലെങ്കിൽ വാഹനം കണ്ടുകെട്ടുന്നതിനു മുന്നോടിയായി വാഹനം ഉപയോഗിച്ചിരുന്ന ആൾക്കും ഉടമയ്ക്കും കാരണം വ്യക്തമാക്കി നോട്ടീസ് നൽകണം. മറുപടി രേഖാമൂലം വാങ്ങിയശേഷം നേരിൽ കേൾക്കാനും അവസരം നൽകണം. ഈ നടപടികൾ പാലിച്ചില്ലെങ്കിൽ കണ്ടുകെട്ടൽ അസാധുവാക്കുമെന്ന ഹൈക്കോടതി വിധിയുണ്ടെന്നും എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.വാഹനം കുറ്റകൃത്യത്തിന് ഉപയോഗിച്ചത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നു തെളിയിക്കേണ്ട ബാധ്യത വാഹന ഉടമയ്ക്കാണ്. ഇതിന് ഉടമയ്ക്ക് സാധിച്ചില്ലെങ്കിൽ വാഹനം കണ്ടുകെട്ടും. കണ്ടുകെട്ടാനായി ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ ഈ നിഗമനത്തിൽ എത്തിച്ചേർന്നതിന്റെ കാരണം വ്യക്തമായി രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button