സർക്കാരിന്റെ ഇടപെടൽ ഫലം കണ്ടു; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു.

തിരുവനന്തപുരം: വിപണിയിൽ ഇടപെട്ട് സർക്കാർ നടപടി ഫലം കണ്ടു. സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു. ഹോർട്ടികോർപ്പിൽ തക്കാളി വില 68 രൂപയായതോടെ പൊതു വിപണിയിലും വില കുറഞ്ഞു. ഒരാഴ്ചക്കുള്ളിൽ പച്ചക്കറി വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
തമിഴ്നാട്ടിലേയും കർണാടകത്തിലേയും കർഷകരിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോർട്ടികോർപ്പ്, കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി വിൽപനതുടങ്ങിയതോടെയാണ് വിലക്കയറ്റത്തിന് അറുതി വന്നു തുടങ്ങിയത്. 120 രൂപ വരെ വില ഉയർന്ന തക്കാളിക്ക് ഹോർട്ടികോർപ്പ് ഇന്നലെ 80 രൂപയാണ് ഈടാക്കിയതെങ്കിൽ ഇന്നത് 68 രൂപയാക്കി കുറച്ചു. സവാളക്കും ഉരുളക്കിഴങ്ങിനും 32 രൂപയാക്കി. ഹോർട്ടികോർപ്പിൽ വില കുറഞ്ഞതോടെ സംസ്ഥാനത്തെ പൊതുവിപണിയിലും വില കുറഞ്ഞു.
41 ടൺ പച്ചക്കറിയാണ് ഹോർട്ടികോർപ്പ് ഇന്നലെ മാത്രം സംസ്ഥാനത്ത് എത്തിച്ചത്. അയൽ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നു നേരിട്ട് സംഭരിക്കുന്നതിനൊപ്പം കാർഷിക സംഘങ്ങളുടേയും സഹായം തേടും. ഹോർട്ടി കോർപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കാണ് പച്ചക്കറി സംഭരണത്തിൻറെ ചമുതല നൽകിയിരിക്കുന്നത്. പച്ചക്കറി വില നിയന്ത്രണ വിധേയമാകുന്നതുവരെ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പിൻറെ സംഭരണം തുടരും. ഇതിനായി ഹോർട്ടികോർപ്പിന് പ്രത്യേക ധനസാഹയം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചു.
