PUBLIC INFORMATION

‘വാട്‌സാപ്പ് ചാനല്‍’ അവതരിപ്പിച്ച് മെറ്റ; വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചാനലുകള്‍ നിര്‍മിക്കാം

‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതുവഴി ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വണ്‍ വേ കമ്മ്യൂണിക്കേഷന്‍ സൗകര്യമാണിത്. ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനാവില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമേ ഇതുവഴി അപ്‌ഡേറ്റുകള്‍ പങ്കുവെക്കാനാവൂ.ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ എന്നിവയെല്ലാം ചാനലില്‍ പങ്കുവെക്കാം. ഏതെങ്കിലും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താവിന് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്‌ഡേറ്റ്‌സ്’ എന്ന പ്രത്യേകം ഒരു ടാബിലാണ് കാണാനാവുക. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പില്‍ തന്നെ തിരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാവാം. ചാനല്‍ തിരയാനുള്ള സൗകര്യവും ആപ്പിലുണ്ടാവും.സാധാരണ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുമ്പോള്‍ ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെല്ലാം നിങ്ങളുടെ നമ്പര്‍ കാണാനാവുമെന്നത് ഒരു പരിമിതിയാണ്. എന്നാല്‍ ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കും അഡ്മിന്‍മാര്‍ക്കും അതിലെ മറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ ഫോണ്‍ നമ്പറും പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കില്ല.നിലവില്‍ ചാനല്‍ സന്ദേശങ്ങള്‍ എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ചാറ്റ് ആയിരിക്കില്ല. സബ്‌സ്‌ക്രൈബ് റിക്വസ്റ്റ് ചെയ്യുന്നവരെ അപ്രൂവ് ചെയ്യാനുള്ള സൗകര്യവും താമസിയാതെ അവതരിപ്പിക്കും. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമാണ് ആയുസ്സ്. അതിന് ശേഷം അവ നീക്കംചെയ്യപ്പെടും. രാജ്യം മുഴുവന്‍ ഏറെ ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായതിനാല്‍ തന്നെ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിനുള്ള ഫലപ്രദമായൊരു മാര്‍ഗമായിരിക്കും വാട്‌സാപ്പ് ചാനലുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button