“അണിഞ്ഞൊരുങ്ങി പൊന്നാനിയുടെ ഹൃദയ ഭാഗം” കുണ്ടുകടവ് മുഖം മിനുക്കുന്നു,
പുളിക്കക്കടവ് വരെ നടപ്പാത

പൊന്നാനി: കുണ്ടുകടവ് അടിമുടി മാറുകയാണ്. പുതിയ നടപ്പാതയും അഴുക്കുചാലും വിശ്രമ കേന്ദ്രവുമെല്ലാമായി പൊന്നാനിയുടെ ഹൃദയ ഭാഗം സുന്ദരിയായിക്കൊണ്ടിരിക്കുന്നു. കുണ്ടുകടവ് മുതൽ പുളിക്കക്കടവ് കായൽ ടൂറിസം പ്രദേശം വരെ നടപ്പാത നിർമിക്കാനാണ് നീക്കം. ഇതിനിടയിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി ശുദ്ധജല പൈപ്പ് കടന്നുപോകാനുള്ളത് ഏറെ ആശങ്കകൾക്കിടയാക്കുന്നുണ്ട്.
പൂട്ടുകട്ട വിരിച്ച ഭാഗങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയുണ്ട്. മരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിൽ ഇക്കാര്യത്തിൽ ഇതുവരെയും ഏകോപനമുണ്ടായിട്ടില്ല. നരിപ്പറമ്പ് പമ്പ് ഹൗസിൽ നിന്ന് ചമ്രവട്ടം ജംക്‌ഷൻ വഴി കുണ്ടുകടവിലേക്ക് പൈപ്പ് എത്തിച്ച് കുണ്ടുകടവ് പാലം വഴി വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകളിലേക്ക് ശുദ്ധജല പൈപ്പ് എത്തിക്കാനാണ് നീക്കം നടക്കുന്നത്. മനോഹരമായ നടപ്പാതകൾ നിർമിച്ച കുണ്ടുകടവ് ഭാഗം ജല അതോറിറ്റി കുത്തിപ്പൊളിച്ചാൽ സർക്കാരിന് വൻ സാമ്പത്തിക നഷ്ടവും ഉണ്ടാകും.
