കോഴിക്കോട്

വാക്സിനും പ്രാർത്ഥനകളും വിഫലം; തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ ആറുവയസ്സുകാരി സിയ മോൾ യാത്രയായി..!

തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ സി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് (6) മരണത്തിന് കീഴടങ്ങി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കെയാണ് ഈ ദുഃഖവാർത്ത പുറത്തുവന്നത്.

കഴിഞ്ഞ മാസം 29-നാണ് സിയ മോൾക്ക് തെരുവ് നായയുടെ കടിയേറ്റത്. തലയിലും കാലിലും ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പേവിഷബാധക്കെതിരെയുള്ള വാക്സിൻ നൽകുകയും ചെയ്തിരുന്നു.

എന്നാൽ നിർഭാഗ്യവശാൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. തലയിൽ കടിയേറ്റാൽ വാക്സിൻ നൽകിയാലും വിഷബാധ തടയാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ നായ കാക്കത്തടം, കുന്നത്തുപറമ്പ്, ചാത്രത്തൊടി എന്നിവിടങ്ങളിലെ ഏഴ് പേരെക്കൂടി കടിച്ചിരുന്നു. പിന്നീട് ഈ നായയെ പാത്തിക്കുഴി പാലത്തിന് സമീപം ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.

മിഠായി വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോളാണ് സിയ മോളെ നായ ആക്രമിച്ചത്. മറ്റുള്ള ഏഴ് പേർക്കും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വാക്സിൻ നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചാൽ ശരീരം പ്രതിരോധം നേടാൻ ഒരാഴ്ച വരെ സമയമെടുക്കും. അപൂർവ്വമായി ചിലരിൽ അതിനുമുൻപ് രോഗാണു തലച്ചോറിൽ എത്തിയെന്നും വരാം.

രോഗലക്ഷണം പ്രത്യക്ഷപ്പെടാൻ രണ്ടാഴ്ച മുതൽ ആറ് മാസം വരെ സമയം എടുക്കാം. അതിനോടകം ശരീരത്തെ പ്രതിരോധത്തിനായി സജ്ജമാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. വാക്സിൻ നിശ്ചിത ഊഷ്മാവിൽ സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ ഫലപ്രാപ്തി കുറയാനും സാധ്യതയുണ്ട്.

തെരുവ് നായയുടെ കടിയേറ്റ പെൺകുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയേറ്റ സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കും.

മുഖത്തും മറ്റും കടിയേറ്റിരുന്നതിനാൽ വാക്സിൻ എത്രത്തോളം ഫലം ചെയ്തു എന്ന് കണ്ടെത്തേണ്ടതുണ്ട്. വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.

കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് 11 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ മാസം മാത്രം നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ദാരുണ സംഭവം സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തെക്കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുമുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button