വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 87.65 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ


വളാഞ്ചേരി: കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന കണക്കിൽപ്പെടാത്ത 87,65,720 രൂപയുമായി രണ്ടുപേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിൽ. സംഭവത്തിൽ 2 തമിഴ്നാട് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂർ സെൽവപുരം പോതന്നൂർ സ്വദേശികളായ ശ്രീധർ (64), മനാവ (25) എന്നിവരാണ് പിടിയിലായത്. കഞ്ഞിപ്പുര ദേശീയപാതയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിന്റെ പിൻസീറ്റിൽ രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്.
രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് കഞ്ഞിപ്പുരയിൽ വെച്ച് തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിൽ നിന്ന് പിടികൂടിയത്. കുഴല്‍പ്പണ മാഫിയക്കെതിരെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസ് കുറഞ്ഞ കാലയളവിനുള്ളിൽ ഏകദേശം 40 കോടി രൂപയോളം കുഴൽപണം പിടികൂടിയിരുന്നു. വളാഞ്ചേരി പൊലീസ് മാത്രം ഏകദേശം 12 കോടി രൂപയോളം പിടികൂടി. പരിശോധന ശക്തമാക്കുമെന്ന് വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ. ജിനേഷ് അറിയിച്ചു. പൊലീസ് സംഘത്തിൽ എസ്.ഐ അജീഷ് കെ. ജോൺ, ഉണ്ണികൃഷ്ണൻ, സിവിൽ ഓഫിസർ ക്ലിൻറ് ഫെർണാണ്ട്സ് എന്നിവരുമുണ്ടായിരുന്നു.













