വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണുണ്ടായ അപകടം; മരിച്ച മൂന്ന് തൊഴിലാളികളുടെ സംസ്കാരം ഇന്ന്, കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തം
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ജീവൻ നഷ്‌ടമായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാരം ഇന്ന്. കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി നടന്നു. അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. അതേസമയം കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകാൻ മേയർ ഇന്ന് രാവിലെ 9 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.സംഭവത്തിൽ മേയര്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി കേസെടുക്കുക, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി ഇന്ന് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരാന്‍ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുണത്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇവരെ ശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേര് മരിക്കുകയായിരുന്നു.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഏറെ പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. പൊളിച്ചു മാറ്റാനായി കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാണ് വിവരം. എന്നാൽ അപകടാവസ്ഥയിലുള്ള കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി എടുത്തില്ലെന്നാണ് ആക്ഷേപം. നിരവധി ഇരുചക്ര വാഹനങ്ങളും തകര്‍ന്ന സ്ലാബുകള്‍ക്കുള്ളില്‍ കുടുങ്ങിയിരുന്നു.