മലപ്പുറം :ജനുവരി മുതൽ ഇതുവരെ ജില്ലയിൽ എക്സൈസും പൊലീസും ചേർന്നു പിടിച്ചത് 1344.4 കിലോഗ്രാം കഞ്ചാവ്. അറസ്റ്റിലായത് എഴുന്നൂറ്റൻപതിലധികം പേർ. കഞ്ചാവു മാത്രമല്ല, എംഡിഎംഎ ഉൾപ്പെടെയുള്ള രാസ ലഹരി വസ്തുക്കളും വ്യാപകമായി ജില്ലയിൽനിന്നു പിടിക്കപ്പെട്ടിട്ടുണ്ട്. മൂന്നു കോടി രൂപയിലധികം വില വരുന്ന 311 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചതു കഴിഞ്ഞദിവസമാണ്. മുൻപ് ഒന്നോ രണ്ടോ കിലോ പിടിച്ചിരുന്ന സ്ഥാനത്ത് ഇന്നു നൂറിലേറെ കിലോഗ്രാം കഞ്ചാവാണ് ജില്ലയിലെ പല ലഹരിവേട്ടകളിലും കണ്ടെടുക്കപ്പെടുന്നത്.
വരുന്നതിന്റെ വളരെക്കുറച്ച് അളവു മാത്രമേ പിടിക്കപ്പെടുന്നുള്ളൂ എന്നതു കൂടി പരിഗണിക്കുമ്പോൾ ജില്ലയിലെ ലഹരി വിപണിയുടെ വിസ്തൃതി ഊഹിക്കാവുന്നതിലും അപ്പുറത്തേക്കു വളരുന്നു. 11 മാസത്തിനുള്ളിൽ എക്സൈസ് മാത്രം 917.55 കിലോഗ്രാം കഞ്ചാവു പിടിച്ചെടുത്തു. അടുത്ത കാലത്ത് എക്സൈസ് വകുപ്പ് പിടിച്ചെടുത്തതിൽ ഏറ്റവും കൂടിയ അളവാണിത്.
അനുദിനം വളരുന്ന ലഹരി മാർക്കറ്റ്
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന ഒരു പ്രധാനകാര്യം പിടിച്ചെടുത്ത ലഹരി വസ്തുക്കളെല്ലാം ജില്ലയിൽ മാത്രം വിറ്റഴിക്കാനുള്ളതല്ലെന്നാണ്. മറ്റു ജില്ലകളിലേക്കുവരെ ലഹരിയെത്തിക്കുന്ന റാക്കറ്റുകൾ സജീവമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആന്ധ്രയുൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന ലഹരി വസ്തുക്കൾക്ക് കേരളത്തിലെത്തുമ്പോൾ പൊന്നുംവില കിട്ടും. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയായി ലഹരി വിൽപന മാറിയതോടെ ഉപയോക്താവ് എന്നതിൽനിന്ന് വ്യാപാരത്തിലേക്ക് പല യുവാക്കളും കടന്നു. പണം കടം വാങ്ങിയും വാടകയ്ക്കു വണ്ടിയെടുത്തും അതിർത്തി കടക്കുന്ന സംഘങ്ങൾ തിരിച്ചുവരുന്നവഴി പിടിയിലായ സംഭവങ്ങൾ അടുത്തയിടെ തന്നെ ഒട്ടേറെയുണ്ടായിട്ടുണ്ട്. കഞ്ചാവ്, ഹഷീഷ്, എംഡിഎംഎ, ബ്രൗൺ ഷുഗർ എന്നിങ്ങനെ ഏതു ലഹരിയും ഇപ്പോൾ നാട്ടിൽ സുലഭം.
സിന്തറ്റിക് ലഹരി പിടിമുറുക്കുമ്പോൾ
മദ്യത്തിൽനിന്നും കഞ്ചാവിൽനിന്നും സിന്തറ്റിക് ലഹരിയിലേക്കു ട്രെൻഡ് മാറിയിട്ട് കുറച്ചേറെക്കാലമായി. എംഡിഎംഎ (മെഥലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുമായി പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. വലിയ വിലയാണെങ്കിലും അതു നൽകി വാങ്ങാൻ ആൾക്കാർ ധാരാളം. വളരെക്കുറഞ്ഞ അളവല്ലേ, പ്രശ്നമാകില്ല എന്ന തെറ്റിദ്ധാരണയും യുവാക്കൾ വച്ചു പുലർത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുവാണെങ്കിൽ 10 ഗ്രാമിനു മുകളിലുള്ളതിനെ വിൽപനയ്ക്കുള്ളതായാണ് നിയമപ്രകാരം കണക്കാക്കുന്നത്. കുറഞ്ഞത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. രണ്ടാമതും പിടിക്കപ്പെടുകയാണെങ്കിൽ വധശിക്ഷ വരെ ലഭിക്കാം.
ഇവിടെയിരുന്ന് വിദേശത്ത് ലഹരി വിൽപന
മേയ് മാസത്തിൽ വിദേശത്തേക്കു ലഹരി കടത്തുന്ന സംഘത്തിൽപെട്ട മൂന്നുപേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളങ്ങൾ വഴി കഞ്ചാവ് വിദേശ രാജ്യങ്ങളിൽ എത്തിച്ച് വിൽപന നടത്തുന്നതായിരുന്നു ഈ സംഘത്തിന്റെ രീതി. നാട്ടിലിരുന്ന് ദുബായ്, അജ്മാൻ, കറാമ എന്നിവിടങ്ങളിലാണ് വ്യാപാരം. ആവശ്യക്കാർ ഓൺലൈനായി പണം നൽകും.തുടർന്ന് അവിടെയുള്ള ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് ഇവരുടെ ഏജന്റുമാർ ലഹരി വസ്തു വച്ച് സ്ഥലം വിടും. ഇത് ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. അവർ അവിടെ പോയി സാധനം കൈക്കലാക്കും. ഈ രാജ്യാന്തര സംഘത്തിന്റെ വലയിൽ പെട്ട് സ്വയമറിയാതെ തന്നെ ഒട്ടേറെ യുവാക്കൾ ലഹരി വസ്തുക്കളുടെ കാരിയർമാരായി മാറി.
ദുബായിൽ നിന്നോ, ഷാർജയിൽ നിന്നോ സ്വർണം കൊണ്ടുവരാനുണ്ടെന്ന പ്രലോഭനത്തിലാണ് ഇവർ വീഴുന്നത്. നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും വൻ തുക പ്രതിഫലം നൽകാമെന്ന പ്രലോഭനത്തിൽ വീഴുന്ന യുവാക്കളെ നാട്ടിൽവച്ചുതന്നെ മദ്യവും ലഹരി വസ്തുക്കളും നൽകി പാട്ടിലാക്കും. ബെംഗളൂരു വിമാനത്താവളം വഴിയാണ് ഇവരെ യാത്രയാക്കുക. ഇതിനിടെ ഇവരുടെ ബാഗേജിൽ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും ഒളിപ്പിച്ചു വയ്ക്കും. പിടിയിലായാൽ കയ്യൊഴിയും ഇല്ലെങ്കിൽ സംഘത്തിന് വൻ ലാഭവും. ജില്ലയിലെ തന്നെ ഒട്ടേറെ യുവാക്കൾ ലഹരികടത്തിനു പിടിക്കപ്പെട്ട് ഗൾഫ് നാടുകളിലെ ജയിലുകളിലുണ്ട്.
രോഗമാണ്, മനസ്സിലാക്കുക
∙ ലഹരി ഉപയോഗത്തെയും ലഹരി അടിമത്തത്തെയും ഒരു രോഗാവസ്ഥയായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലുമല്ല, ചികിത്സ തന്നെയാണു പരിഹാരം. മരുന്ന്, കൗൺസലിങ് എന്നിവയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ പിന്തുണയും ചികിത്സ തേടുന്നവരുടെ നിശ്ചയദാർഢ്യവും പ്രധാനമാണ്.
∙ ലഹരി ഉപയോഗത്തിൽ നിന്നു മാറി നിൽക്കാനുള്ള ശേഷി കൈവരിക്കാൻ ചികിത്സയും കൗൺസലിങ്ങും അനിവാര്യമാണ്. ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയാലും നിശ്ചിത ഇടവേളകളിൽ തുടർചികിത്സ വേണം.
∙ ആജീവനാന്തം മരുന്നു കഴിക്കേണ്ടി വരുമോ എന്നുള്ള ചിന്തകളെല്ലാം അസ്ഥാനത്താണ്. രോഗാവസ്ഥയ്ക്കനുസരിച്ച് ചിലപ്പോൾ മരുന്നേ ആവശ്യമുണ്ടാവില്ല. ചിലപ്പോൾ കുറച്ചുകാലത്തേക്ക് മരുന്നു വേണ്ടിവന്നേക്കാം.
∙ ഒട്ടേറെ വ്യാജ ചികിത്സാകേന്ദ്രങ്ങളും വ്യാജ ചികിത്സകരും ഉള്ള മേഖലയാണ് ലഹരി ചികിത്സയുടേത്. സമീപിക്കുന്ന സ്ഥാപനവും ചികിത്സകനും വേണ്ട യോഗ്യതകളെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. മന്ത്രവാദം ഉൾപ്പെടെയുള്ള എളുപ്പപ്പണി നോക്കരുത്. ഗുണത്തെക്കാളേറെ അതു ദോഷം ചെയ്യും.
∙ കുട്ടികൾ ലഹരി ഉപയോഗിക്കുന്നെന്നു സംശയം തോന്നിയാൽ അവരോടു തന്നെ സമാധാനപരമായി കാര്യങ്ങൾ ചോദിച്ചറിയുക. ഭയപ്പെടുത്തരുത്. എന്തു സഹായത്തിനും ഒപ്പമുണ്ട് എന്ന തോന്നലാണ് കുട്ടികൾക്കു നൽകേണ്ടത്. ഇത് കാര്യങ്ങൾ തുറന്നു പറയാൻ അവരെ പ്രേരിപ്പിക്കും.
∙ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണം. പക്ഷേ, ഒരു ഡിറ്റക്ടീവിനെപ്പോലെ പിറകേ നടക്കരുത്. പരസ്പര വിശ്വാസമാണ് ലഹരിപ്പിടിയിൽ നിന്നു മോചിതരാകാനുള്ള ഏറ്റവും ശരിയായ മാർഗം. കഴിഞ്ഞ സംഭവങ്ങളെ ഓർത്തെടുത്ത് കുറ്റപ്പെടുത്തരുത്. കഴിഞ്ഞ കാര്യങ്ങളെ അവയുടെ പാട്ടിനു വിടുക. വീട്ടിൽ സൗഹാർദ അന്തരീക്ഷം നിലനിർത്തുക.
ലഹരി പിടിത്തം
എക്സൈസ്
∙ ആകെ കേസുകൾ– 278
∙ അറസ്റ്റ്– 253
∙ കഞ്ചാവ് – 917.55 കിലോഗ്രാം
∙ എംഡിഎംഎ– 142.95 ഗ്രാം
∙ ഹഷീഷ് ഓയിൽ– 23.98 ഗ്രാം
∙ പിടിച്ചെടുത്ത വാഹനങ്ങൾ– 87
പൊലീസ്
∙ ആകെ കേസുകൾ – 370
∙ അറസ്റ്റ്– 502
∙ കഞ്ചാവ് – 426.85 കിലോ ഗ്രാം
∙ എംഡിഎംഎ– 739.05 ഗ്രാം
∙ ഹഷീഷ് ഓയിൽ – 793.34 ഗ്രാം
∙ ബ്രൗൺ ഷുഗർ– 33 മില്ലിഗ്രാം
∙ പിടിച്ചെടുത്ത വാഹനങ്ങൾ– 40
(ജനുവരി മുതൽ ഇതുവരെയുള്ള കണക്ക്)
എംഡിഎംഎ882 ഗ്രാം
∙ ജനുവരിമുതൽ ഇതുവരെ ജില്ലയിൽ പിടിച്ചത് 882 ഗ്രാം എംഡിഎംഎ
രണ്ട് ലഹരി ചികിത്സാ കേന്ദ്രങ്ങൾക്ക് അനുമതി
എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ പ്രകാരം രണ്ട് ലഹരി ചികിത്സാ കേന്ദ്രങ്ങൾക്കു കൂടി അനുമതി ലഭിച്ചു. പൊന്നാനി താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പുതിയ ഡീ അഡിക്‌ഷൻ സെന്ററുകൾ വരുന്നത്. ഇതിനു വേണ്ട എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ വിമുക്തി മിഷനു കീഴിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ലഹരി ചികിത്സാ കേന്ദ്രമുള്ളത്.
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…
ആലപ്പുഴ: കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപന നടത്തിയത് തെറ്റെന്ന് മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. കഞ്ചാവ്…
ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…