വയ്യാതെ വരിനിൽക്കേണ്ട; വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കാം
![](https://edappalnews.com/wp-content/uploads/2023/07/manjeri-family-health-centre-parappanangadi-1100328.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-3-13-1024x1024.jpg)
മഞ്ചേരി: ഡോക്ടറെ കാണാൻ ആശുപത്രിയിൽ അതിരാവിലെയെത്തി ക്യൂ നിൽക്കേണ്ട ദുരിതത്തിന് അറുതിയായി. ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ 40 ആശുപത്രികളിൽ വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കുന്ന സംവിധാനം പ്രവർത്തനം തുടങ്ങി. കുടുംബാരോഗ്യ കേന്ദ്രങ്ങൾതൊട്ട് മെഡിക്കൽ കോളേജുവരെയുള്ള 54 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമാണ്. അക്ഷയ കേന്ദ്രങ്ങൾവഴിയും സേവനം ഉപയോഗപ്പെടുത്താനാകും. പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കി ഇ––സേവനം ആളുകൾ ഉപയോഗിച്ചുതുടങ്ങി. സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ഇ- ഹെൽത്ത് വിഭാഗം അധികൃതർ അഭ്യർഥിച്ചു. പ്രവർത്തനം ഇങ്ങനെസേവനം ലഭിക്കാൻ യുഎച്ച്‌ഐഡി ഉണ്ടാക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. ആധാർ നമ്പർ നൽകിയശേഷം പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയ്യുക. രജിസ്റ്റർചെയ്ത മൊബൈൽ ഫോണിൽ ഒടിപി ലഭിക്കും. ഒടിപി നൽകി വെരിഫൈ ക്ലിക്ക് ചെയ്‌താൽ ആധാർ നമ്പർ നൽകിയ വ്യക്തിയുടെ പേര്, വയസ്സ്, വീട്ടുപേര്, ജില്ല എന്നിവ വരും. അതിനുതാഴെയുള്ള കോളത്തിൽ മൊബൈൽ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ യുഎച്ച്ഐഡി നമ്പർ ലഭ്യമാകും. ഈ യുഎച്ച്ഐഡി നമ്പർ മൊബൈലിൽ മെസേജായും വരും. ഇതുപയോഗിച്ച് ഒപിയിൽ ബുക്ക് ചെയ്യാം. ഇ- ഹെൽത്ത് സംവിധാനം ലഭിക്കുന്ന ആശുപത്രികളിൽനിന്ന് നേരിട്ടും രജിസ്റ്റർചെയ്യാം. കൂടുതൽ ആശുപത്രികളിലേക്ക് ഈ വർഷം 13 ആശുപത്രികളിൽകൂടി ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ മാറഞ്ചേരി, എടപ്പറ്റ, കരുവാരക്കുണ്ട്, ഓമാനൂർ, ഊരകം, പൂക്കോട്ടൂർ, പുഴക്കാട്ടിരി, കുടുംബാരോഗ്യ കേന്ദ്രങ്ങളായ കോഡൂർ, അങ്ങാടിപ്പുറം, പോത്തുകല്ല്, അമരമ്പലം, മാറഞ്ചേരി ആശുപത്രികളിലാണ് പുതുതായി പദ്ധതി നടപ്പാക്കുക.
![](http://edappalnews.com/wp-content/uploads/2025/01/logo.png)