വയനാട് പുനരധിവാസം: ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ.
കൊച്ചി ∙ വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർവേ നടത്തി നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം എത്രയെന്നു തിട്ടപ്പെടുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ടവർ ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യപ്പെടുന്നില്ലെങ്കിൽ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകുകയോ വനം അവകാശ നിയമപ്രകാരം വന മേഖലയോടു ചേർന്ന് ഉൾപ്പെടെ ഉചിതമായ ഭൂമി നൽകുകയോ ചെയ്യും.എന്നാൽ, വീട് നിർമിക്കാൻ 15 ലക്ഷം മതിയാകില്ലെന്നു വിഷയത്തിൽ ഹർജി ചേർന്നവർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രകൃതി ദുരന്തമാണ് ഉണ്ടായതെന്നും ലഭ്യമായ വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യാനാണു സർക്കാർ ശ്രമിക്കുന്നതെന്നും ഓരോരുത്തരുടെയും മുൻഗണനകൾ പരിഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ കോടതിക്കു പരിമിതിയുണ്ടെന്നും ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.ദുരന്തബാധിതരുടെ താൽപര്യമെന്താണെന്നോ അവർക്ക് എന്താണ് വേണ്ടതെന്നോ ആരും ചോദിച്ചിട്ടില്ലെന്ന്, ദുരന്തബാധിതരുടെ പ്രതിനിധിയെന്ന് അവകാശപ്പെട്ട് ഉപഹർജി നൽകിയ ബൈജു പോൾ മാത്യൂസ് ചൂണ്ടിക്കാട്ടി. എന്നാൽ ഓരോരുത്തരുടെയും താൽപര്യങ്ങൾ നോക്കാനുള്ള ആഡംബരം സർക്കാരിനില്ലെന്നു കോടതി പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരിലാണു നടപടി. സർക്കാരിന്റെ ഉത്തരവാദിത്തമെന്നു പറഞ്ഞാൽത്തന്നെ അക്കാര്യത്തിലും പരിമിതിയുണ്ട്. അതിനപ്പുറം മറ്റ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ നോക്കാമെന്നും കോടതി പറഞ്ഞു.ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണും കല്ലും മറ്റും അടിഞ്ഞുകൂടിയ കൃഷി ഭൂമി എങ്ങനെ പുനഃസ്ഥാപിക്കാനാവുമെന്നു കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാമെന്നു സർക്കാർ അറിയിച്ചു. പുനരധിവാസത്തിനായി കണ്ടെത്തിയ എൽസ്റ്റോൺ എസ്റ്റേറ്റിൽ 5 സെന്റ് വീതം സ്ഥലത്ത് 467 വീടുകളും നെടുമ്പാല എസ്റ്റേറ്റിൽ 10 സെന്റ് വീതം സ്ഥലത്ത് 266 വീടുകളുമാണ് നിർമിക്കുക.
632 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. പിഡബ്ല്യുഡിയുണ്ടായിട്ടും നിർമാണത്തിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോ –ഓപ്പറേറ്റീവ് സൊസൈറ്റിക്കു ടെൻഡർ ഇല്ലാതെ നൽകിയത് കേസിൽ കക്ഷി ചേർന്ന സാബു സ്റ്റീഫൻചൂണ്ടിക്കാട്ടിയെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ സാധാരണ സന്ദർഭങ്ങളിലുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിനു സാധിക്കാതെ വരുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജികൾ 31ന് വീണ്ടും പരിഗണിക്കും.