KERALA

സെൽഫി എടുക്കുന്നതിനിടെ തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ പെട്ടു; വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഇടുക്കി: വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേശിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ യുവാവ് ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ തങ്ങിനിന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നു. കയർ യുവാവിന്റെ ശരീരത്തിൽ കെട്ടി വലിച്ച് കയറ്റി.
യുവാവ് തങ്ങി നിന്നതിന് താഴെ വലിയ രണ്ട് കായങ്ങളാണ് ഉള്ളത്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷവും രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. ഇവിടെ എത്തുന്നവർ വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കർശന നിർദേശവും ഉള്ളതാണ്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button