MALAPPURAM

വന്ദേഭാരതിന് തിരൂരിൽ ‘ഒരുനാൾ സ്റ്റോപ്’; ഉദ്ഘാടന ഓട്ടത്തിൽ തിരൂരിൽ നിർത്തും

തിരൂർ: വന്ദേ ഭാരത എക്സ്പ്രസ്സ് ഇന്ന് ഉദ്ഘാടന ഓട്ടത്തിൽ തിരൂരിൽ നിർത്തും. അടുത്തദിവസം മുതൽ നിർത്തുകയുമില്ല. ഉദ്ഘാടന ദിവസം പരമാവധി സ്റ്റേഷനുകളിൽ നിർത്തി വണ്ടിയുടെ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് തിരൂരിൽ നിർത്തുന്നത്. രാവിലെ 10 30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് അഞ്ചരയോടെയാണ് തിരൂരിൽ എത്തുന്നത്.
ബിജെപി ജില്ലാ കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് വൻ സ്വീകരണം ഒരുക്കുന്നുണ്ട്. അതേസമയം ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ യുഡിഎഫ് ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനു മുൻപിൽ ഉപരോധ സമരം നടത്തി. ജില്ലയിലെ യുഡിഎഫ് എംപിമാർ എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.
വന്ദേ ഭാരത് ഓടുമെന്ന് അറിയിപ്പ് വന്ന സമയം തിരൂരിൽ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രെയിലർ റണ്ണിൽ നിർത്തുകയും ചെയ്തു. ഇതിനുശേഷം സ്റ്റോപ്പ് ഒഴിവാക്കിയതാണ് സമരങ്ങൾക്കും പ്രതിഷേധത്തിനും കാരണമായത്. ഒഴിവാക്കിയതിനുള്ള കാരണം ഇതുവരെ റെയിൽവേ വ്യക്തമാക്കിയിട്ടുമില്ല.
വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്റ്റോപ്പുകളുടെ പട്ടികയിൽ നിന്ന് തിരൂരിനെ ഒഴിവാക്കിയതിന്റെ കാരണം ഇപ്പോഴും വ്യക്തമാക്കാതിരിക്കുകയാണ് റെയിൽവേ. ദിവസം പതിനായിരത്തോളം യാത്രക്കാരാണ് ഈ സ്റ്റേഷനിൽ നിന്ന് മാത്രം കയറുന്നത്. ഒരു ദിവസം എട്ട് ലക്ഷത്തോളം രൂപ ടിക്കറ്റിന് ഇവിടെ നിന്ന് ലഭിക്കുന്നുമുണ്ട്. ഇതു മാത്രമല്ല മംഗ്ലൂർ -ഷൊർണൂർ പാതയുള്ള ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ആയി ദിവസം ഏകദേശം 27000 യാത്രക്കാർ ട്രെയിനിൽ കയറുന്നുണ്ട്. ഇവരിൽ നിന്ന് എല്ലാമായി ദിവസവും 13 ലക്ഷത്തോളം രൂപയും ലഭിക്കുന്നുണ്ട്. ഇവരിൽ പലരും ദീർഘദൂര യാത്രക്കാരുമാണ്. ഇത്രയേറെ യാത്രക്കാരുള്ള ജില്ലയ്ക്ക് വന്ദേ ഭാരത് സ്റ്റോപ്പ് അനുവദിച്ചാൽ ഒരു തരത്തിലും നഷ്ടം ഉണ്ടാവുകയില്ല. എന്നിട്ടും തിരൂരിനെ അവഗണിച്ചതിന്റെ കാരണമാണ് പലരും തേടുന്നത്.
കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന് സ്വീകരണം നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. വാദ്യമേളത്തോടെ വരവേറ്റെ പുഷ്പവൃഷ്ടി നടത്തിയാണ് ട്രെയിനിനെ സ്വീകരിക്കുക എന്നും രവിത്തേലത്ത് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button