വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ മലപ്പുറത്തിന് ജയം

തിരൂർ : സംസ്ഥാന സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഉദ്ഘാടന മത്സരത്തിൽ വനിതകളിൽ മലപ്പുറത്തിന് ജയം. തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് മലപ്പുറം ഇടുക്കിയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യ സെറ്റിൽ 25-9, രണ്ടാം സെറ്റിൽ 25 -14 , മൂന്നാം സെറ്റിൽ 28- 26 പോയിൻ്റുകൾക്കായിരുന്നു മലപ്പുറത്തിൻ്റെ ജയം. മലപ്പുറത്തിന് വേണ്ടി ദേശീയ താരം സേതുലക്ഷ്മി കളത്തിലിറങ്ങി.
ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്
ചാമ്പ്യൻഷിപ്പ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ വി.കെ ഉസ്മാൻ ഹാജി, റഫറീസ് ബോർഡ് ചെയർമാൻ ദാമോദരൻ, ചാമ്പ്യൻഷിപ്പ് വർക്കിങ് ചെയർമാൻ ഇ. ഫൈസൽ ബാബു , ഡൗൺ ബ്രിഡ്ജ് പ്രസിഡൻ്റ് വി അഷ്റഫ്, ടി.വി നാസർ, പി.എ ബാവ, അഡ്വ. ഗഫൂർ പി. ലില്ലീസ്, ഒ. ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു.
