സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ്: തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
വഞ്ചനാ കേസിൽ നടിയും മോഡലുമായ സണ്ണി ലിയോണിന് ആശ്വാസം. കേസിന്റെ തുടർ നടപടികൾ കോടതി സ്‌റ്റേ ചെയ്തു. സണ്ണി ലിയോൺ നൽകിയ ഹർജിയിലാണ് കോടതി നടപടി. വഞ്ചനാ കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയായിരുന്നു ഹർജി നൽകിയത്. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് താരം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ വഞ്ചിച്ചിട്ടില്ലെന്നും, എപ്പോൾ വേണമെങ്കിലും പരിപാടിയിൽ പങ്കെടുക്കാമെന്നും സണ്ണി ലിയോൺ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ വാദം പിന്നീട് കേൾക്കും.
ഹർജിയിൽ തുടർ നടപടിയെന്നോണം സർക്കാരിനും ക്രൈംബ്രാഞ്ചിനും ഹൈക്കോടതി നോട്ടീസ് അയക്കും. ഇതിന് മറുപടി ലഭിച്ച ശേഷമാകും ഹർജിയിൽ വിശദമായ വാദം കേൾക്കുക. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്. 2019 ഓഗസ്റ്റിലാണ് സണ്ണി ലിയോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേജ് പെർഫോർമൻസുമായി ബന്ധപ്പെട്ട പണമിടപാടിൽ സണ്ണി ലിയോൺ കരാർ പാലിച്ചില്ലെന്നാണ് കേസ്. സണ്ണി ലിയോൺ 30 ലക്ഷം രൂപ തട്ടിയതായും പെരുമ്പാവൂർ സ്വദേശി നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.