ഇരുചക്രവാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര ഇനിമുതൽ ശിക്ഷാര്‍ഹം.
ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി പിന്‍സീറ്റിലിരുന്നുള്ള യാത്ര അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
ഗതാഗത കമ്മീഷണര്‍ എം.ആര്‍.അജിത്കുമാറാണ് ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.നിലവിലെ ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.അപകടങ്ങള്‍ വര്‍ധിച്ചതിനാലാണ് വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമെന്നാണ് ഗതാഗതവകുപ്പിന്റെ വിശദീകരണം.
1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 184 (f) അനുസരിച്ച് ശിക്ഷാര്‍ഹവും, 2017 ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിംഗ്) റെഗുലേഷന്‍സ് ലെ 5 (6), 5 (17) എന്നിവയുടെ ലംഘനമാണെന്നാണ് പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര സെക്ഷന്‍ 177 എ പ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് ഉത്തരവില്‍ ഗതാഗത കമ്മീഷ്ണര്‍ വ്യക്തമാക്കി.
