വട്ടംകുളം ഗ്രാമപഞ്ചായത്ത്വികസന പത്രിക പ്രകാശനം ചെയ്തു

എടപ്പാൾ: ഇരുപത്തഞ്ച് വർഷം പിന്നിട്ട ജനകീയാസൂത്രണത്തിൻ്റെ നേട്ട കോട്ടങ്ങൾ വിലയിരുത്തി ഭാവി വികസന സാദ്ധ്യതകൾ അവതരിപ്പിക്കുന്ന വികസന രേഖ പ്രകാശനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊന്നാനി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഈ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കിയത്. വട്ടംകുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ജന സഭയിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ് വികസന പത്രിക പ്രകാശനം ചെയ്യ്തു. കൃഷി, മൃഗ സംരക്ഷണം, വിദ്യാഭ്യാസം, ലിംഗ നീതി, മാലിന്യ സംസ്കരണം, ഭിന്നശേഷി, ആരോഗ്യം, കലകായികം എന്നീ മേഖലകളിൽ രൂപീകരിച്ച വിശദ്ധ സമിതികൾ നടത്തിയ പഠന റിപ്പോർട്ടുകൾ ഉൾക്കൊള്ളുന്നതാണ് വികസന പത്രിക. ഇതിലെ വികസന നിർദ്ദേശങ്ങൾ ജനകീയ ചർച്ചക്ക് വിധേയമാക്കി മെച്ചപ്പെടുത്തി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി നാടിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം എം. ഹരീഷ് കുമാർ പരിഷത്തിൻ്റെ വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു. വികസന സഭ കൺവീനർ ദിവാകരൻ പി എൻ വികസന പത്രിക പരിചയപ്പെടുത്തി
മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം. മുസ്തഫ, ശ്രീജ പാറക്കൽ, കഴു ങ്ങിൽ മജീദ്, ബാങ്ക് പ്രസിഡൻ്റ് പത്തിൽ അഷറഫ്, പഞ്ചായത്ത വികസന സമിതി ഉപാദ്ധ്യക്ഷൻ ഇബ്രാഹിംമൂതൂർ, പ്രഭാകരൻ നടുവട്ടം ആഗ്നേയ് നന്ദൻ, എം.എം. ഉണ്ണികൃഷ്ണൻ, സതിഷ് ആട്ടയിൽ, അനീഷ് വി.പി, നൗഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിഷത്ത് മേഖല സെക്രട്ടറി ജിജി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.വി. സുധിർ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സജി കെ.എസ് നന്ദിയും പറഞ്ഞു.













