വഖഫ് നിയമ ഭേദഗതി അംഗീകരിക്കില്ല : പി.ഡി.പി.
ആലത്തിയൂർ: ഭരണഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലിമെന്റ് പാസാക്കിയെങ്കിലും ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യ ലംഘനവുമായ വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി ആവശ്യപ്പെട്ടു. പാര്‍ലിമെന്റില്‍ ബില്ല് അവതരണ ചര്‍ച്ചയില്‍ പങ്കെടുക്കവേ രാജ്യത്തെ മതേതര വിശ്വാസികളും കക്ഷികളും ചൂണ്ടിക്കാട്ടിയ വിഷയം ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അതേപടി സ്ഥിരീകരിക്കുന്നത് ബില്ലിന്റെ അപകടം മനസ്സിലാക്കി തരുന്നതാണ്. ഡല്‍ഹിയിലെ തന്ത്രപധാനമായ 123 വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിന്റേതാണെന്നും അത് മോചിപ്പിക്കലാണ് വഖഫ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നും അദ്ദേഹം സൂചിപ്പിക്കുകയാണ്. രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനല്ല, ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കള്‍ കയ്യടക്കാനാണ് നിയമ ഭേദഗതിയെന്നത് പകല്‍ പോലെ വ്യക്തമാവുകയാണ്. സര്‍ക്കാരിന്റേയോ ഇതര മതവിഭാഗങ്ങളുടേയോ കയ്യേറ്റം ചെയ്ത് കിട്ടിയ ഭൂസ്വത്തുക്കള്‍ ഒരിക്കലും വഖഫ് ആയി ഉപയോഗിക്കാറില്ല. ഉടമസ്ഥാവകാശമുള്ള സ്വത്തുക്കള്‍ മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ദൈവീക പ്രീതി ലക്ഷ്യം വച്ച് കൈമാറ്റം ചെയ്യപ്പെട്ടവയാണ് രാജ്യത്തെ മുഴുവന്‍ വഖഫ് സ്വത്തുക്കളും . അത് പിടിച്ചടക്കാനും നിയമകുരുക്കില്‍ പെടുത്തി അന്യാധീനപ്പെടുത്താനുമുള്ള നീക്കമാണ് സംഘ്പരിവാര്‍ പദ്ധയില്‍ രൂപം കൊണ്ട വഖഫ് ഭേദഗതി ബില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റിന്റെ ഇരുസഭകളിലും മതേതര കക്ഷികള്‍ ഒന്നിച്ച് നിന്ന് ഭരണകൂടത്തിന്റെ നെറികേടിനെതിരെ പൊരുതുന്നത് കണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. അതേ ഐക്യവും ഒത്തൊരുമയും ഭരണഘടനാ വിരുദ്ധമായ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമ ഭേദഗതി അംഗീകരിക്കില്ല; ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യലംഘനവുമായ ബില്ല് ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യത്തില്‍ പി.ഡി.പി. തവനൂർ മണ്ഡലം കമ്മിറ്റി ആലത്തിയൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സൈതാലികുട്ടി ചമ്രവട്ടം, സെക്രട്ടറി സലാം അതളൂർ, പ്രഷറർ സുലൈമാൻ ബീരാൻചിറ വൈസ് പ്രസിഡന്റ് സിദ്ധീഖ് മുസ്ല്യാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്ന്,
സൈതാലി കുട്ടി ചമ്രവട്ടം
പി.ഡി.പി. മണ്ഡലം പ്രസിഡന്റ്
+91 98465 95280
ഫോട്ടോ അടിക്കുറിപ്പ്: വഖഫ് നിയമ ഭേദഗതിക്കെതിരെ പി.ഡി.പി. തവനൂർ മണ്ഡലം കമ്മിറ്റി ആലത്തിയൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം.