SPORTS

ലോക ചെസിലെ കൗമാര റാണി: ദിവ്യ ദേശ്‌മുഖ് വനിതാ ലോക ചാംപ്യൻ

ബതൂമി (ജോർജിയ): പത്തൊമ്പതാം വയസിൽ ഫിഡെ വനിതാ ലോക ചെസ് ചാംപ്യൻ പട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ദിവ്യ ദേശ്‌മുഖ്. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പർ താരവും നിലവിലുള്ള ലോക റാപ്പിഡ് ചാംപ്യനുമായ കൊനേരു ഹംപിയെയാണ് ദിവ്യ ഫൈനലിൽ പരാജയപ്പെടുത്തിയത്.

പതിനഞ്ചാം സീഡായി ടൂർണമെന്‍റിനെത്തിയ ദിവ്യ ലോകത്തെ ഏറ്റവും പ്രഗൽഭരായ നിരവധി താരങ്ങളെ മറികടന്നാണ് ലോക കിരീടവും ഒപ്പം ഗ്രാൻഡ്മാസ്റ്റർ സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ 88ാം ഗ്രാൻഡ്മാസ്റ്ററായി ഇതോടെ ദിവ്യ. ഇതിൽ ഹംപിയും ദിവ്യയും ഉൾപ്പെടെ നാലു വനിതകൾ മാത്രമാണുള്ളത്.
ഫൈനലിൽ ക്ലാസിക് ശൈലിയിൽ നടത്തിയ ആദ്യ രണ്ടു ഗെയിമുകളും സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് മൂന്നാം ഗെയിം ടൈ ബ്രൈക്കറായി റാപ്പിഡ് രീതിയിലാണ് നടത്തിയത്. അതിനാൽ തന്നെ, റാപ്പിഡ് ചെസ് ലോക ചാംപ്യൻ എന്ന നിലയിലും അനുഭവസമ്പത്തിന്‍റെ ബലത്തിലും മുപ്പത്തെട്ടുകാരിയായ ഹംപിക്കാണ് കൂടുതൽ മുൻതൂക്കം കൽപ്പിക്കപ്പെട്ടിരുന്നത്.
എന്നാൽ, സകല സമ്മർദങ്ങളെയും മറികടന്ന് ദിവ്യ മുന്നേറിയപ്പോൾ ഹംപി സമയവുമായുള്ള പോരാട്ടത്തിൽ നിരവധി നിർണായക പിഴവുകൾ വരുത്തി. ഈ ആനുകൂല്യം പരമാവധി മുതലാക്കിയ ദിവ്യ ജയിച്ചുകയറുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button